
തൃശൂർ: ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ കൊട്ടേഷൻ സംഘം തൃശൂരിൽ നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നാണ് പുറത്തുവന്നത്. സംഭവത്തിൽ തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ദേവി, കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃശൂർ എസിപി രാജേഷ് ടി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പൂർ, കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതിൽ പ്രധാന പ്രതി തോമസിനെ നെടുമ്പാശേരിയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്.
കഴിഞ്ഞ മാസം 22നാണ് സംഭവങ്ങളുടെ തുടക്കം. തമിഴ്‌നാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ ഗുണശേഖരൻ നിലമ്പൂർ സ്വദേശിനിയായ 38-കാരിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ഇതിനിടെ പണം തികയാതെ വന്നപ്പോൾ ഗുണശേഖരൻ സുഹൃത്തായ പാൽരാജിന് ലോഡ്ജിലെ ക്യൂ.ആർ കോഡ് അയച്ചുനൽകി പണം ആവശ്യപ്പെട്ടു. എന്നാൽ, ഗുണശേഖരന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടോ എന്ന സംശയം പാൽരാജിന് ഉണ്ടായിരുന്നു. തുടർന്ന് പാൽരാജ് ഈ ക്യൂ.ആർ കോഡ് ഗുണശേഖരന്റെ ഭാര്യയായ ദേവിക്ക് കൈമാറി. ഭർത്താവിനെയും കാമുകിയെയും തൃശൂരിലെത്തി കയ്യോടെ പിടികൂടാനായി ദേവി, തോമസിന്റെ സഹായം തേടുകയായിരുന്നു.
തോമസും ദേവിയും ഉൾപ്പെടുന്ന കൊട്ടേഷൻ സംഘം രണ്ട് വാഹനങ്ങളിലായി തൃശൂരിലെത്തി. തമിഴ്‌നാട് പോലീസാണെന്ന് പരിചയപ്പെടുത്തിയാണ് തോമസ് ലോഡ്ജ് മുറിയിൽ കയറിപ്പറ്റിയത്. തുടർന്ന് ഗുണശേഖരനെയും കാമുകിയെയും കയ്യോടെ പിടികൂടി ക്രൂരമായി മർദ്ദിച്ച ശേഷം ഇരുവരെയും വാഹനത്തിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി.തിരുപ്പൂരിലെത്തിച്ച സംഘം ആദ്യം ആളില്ലാത്ത ഒരു വീട്ടിൽ വെച്ച് ഇരുവരെയും വീണ്ടും മർദ്ദിച്ചു. അതിനുശേഷം ഗുണശേഖരനെയും യുവതിയെയും വേറെ വേറെ കാറുകളിലാക്കി. തുടർന്ന് യുവതി സഞ്ചരിച്ച വാഹനം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും തോമസും രഘുപതിയും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ഇരയായി അവശയായ യുവതിയെ പ്രതികൾ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെവെച്ച് പ്രതികളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം നിലമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സംഭവസ്ഥലം അടിസ്ഥാനമാക്കി കേസ് തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം പൂർത്തിയാക്കി പ്രതികളെ വലയിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam