
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം എം ഹസ്സന്റെ മറുപടി. ആരും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കാൻ പാടില്ല, പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കും. മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താല്പര്യമുണ്ടാകാം. ആ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസ്സൻ പറഞ്ഞു. അധിക സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്ന വാർത്തകളുണ്ട്. ലീഗിന് യാഥാർത്ഥ്യ ബോധമുണ്ട്. അധിക സീറ്റിന്റെ കാര്യമൊക്കെ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തോടും എം എം ഹസ്സൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റി പറയുന്നയാളാണ്. ആ വെള്ളാപ്പള്ളിയെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ഇക്കാര്യം ജനം വിലയിരുത്തട്ടെയെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam