ന്യൂജന്‍ ഫോണുകളുടെ കാലത്ത് കീപാഡ് ഫോണുകളുടെ കവർ തുന്നി ജീവിക്കുന്ന മാഹീനെ അറിയാം

By Web TeamFirst Published Dec 28, 2018, 9:24 AM IST
Highlights

ആൻഡ്രോയിഡ് ഫോണുകൾ വന്നെങ്കിലും ഈ കവറുകൾക്ക് ഇപ്പോഴും നല്ല ഡിമാൻഡാണെന്ന് മാഹീൻ പറഞ്ഞു. പത്തു വയസു മുതൽ ഫുഡ്പാത്ത് കച്ചവടം നടത്തിയ ഇയാൾക്ക് ഇപ്പോഴും സ്വന്തമായി വീടും വസ്തുവുമില്ല

തിരുവനന്തപുരം: പുത്തൻ തലമുറയിൽപ്പെട്ട ഫോണുകൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ പഴയ കീപാഡ് ഫോണുകളുടെ കവർ തുന്നലിലൂടെ ജീവിതമാർഗം കണ്ടെത്തുകയാണ് കോവളം സ്വദേശിയും അൻപത്തിമൂന്നുകാരനുമായ മാഹീൻ. കഴിഞ്ഞ പത്തു വർഷമായി മൊബൈൽ ഫോൺ കവർ തുന്നൽ ജോലിയാണ് മാഹീന്. മുൻപ് നഗരത്തിലെ ഫുഡ്പാത്തിൽ തുണിക്കച്ചവടം നടത്തിയിരുന്ന മാഹീൻ കച്ചവടം നഷ്ടമായതോടെ മൊബൈൽ ഫോൺ കവർ മുംബയിൽ നിന്നു വരുത്തി വില്പന നടത്തി.

ഇവ സ്വന്തമായി നിർമ്മിച്ചു നൽകിക്കൂടെയെന്ന ചിന്തയിൽ നിന്നാണ് സ്വയം കവർ നിർമ്മിക്കാൻ തീരുമാനിച്ചത്. തയ്യൽ പഠിച്ചിട്ടില്ലെങ്കിലും ഒരു തയ്യൽ മെഷീൻ സ്വന്തമാക്കി. പിന്നെ മൊബൈൽ കവർ നിർമ്മിക്കുന്ന പ്രത്യേകതരം റെക്സിൻ വാങ്ങി കവറുകൾ നിർമ്മിച്ചു തുടങ്ങി. ദിവസവും 250 കവറുകൾ നിർമ്മിക്കും. ഇവ കൊല്ലത്തും നഗരത്തിലെ തകരപ്പറമ്പിലും ഹോൾസെയിൽ കടയിൽ വിൽക്കും. 

ആൻഡ്രോയിഡ് ഫോണുകൾ വന്നെങ്കിലും ഈ കവറുകൾക്ക് ഇപ്പോഴും നല്ല ഡിമാൻഡാണെന്ന് മാഹീൻ പറഞ്ഞു. പത്തു വയസു മുതൽ ഫുഡ്പാത്ത് കച്ചവടം നടത്തിയ ഇയാൾക്ക് ഇപ്പോഴും സ്വന്തമായി വീടും വസ്തുവുമില്ല. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബത്തിന്റെ ഏക വരുമാനം ഇതിൽ നിന്നു ലഭിക്കുന്ന തുച്ഛമായ കൂലിയാണ്. സ്വന്തമായി ഒരു കിടപ്പാടമെന്ന സ്വപ്നവുമായി ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് മാഹീൻ.

click me!