ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി എംഎല്‍എ വിതരണം ചെയ്ത മൊബൈല്‍ ഫോണ്‍ മോഷണം പോയി

By Web TeamFirst Published Jul 4, 2021, 11:21 PM IST
Highlights

ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത വര്‍ഗ്ഗീസിന്‍റെ മക്കളുടെ പഠനാവശ്യത്തിന് നല്‍കിയ ഫോണാണ് മോഷണം പോയത്. ഒന്‍പതാം ക്ലാസിലും നാലാം ക്ലാസിലുമാണ് വര്‍ഗ്ഗീസിന്‍റെ മക്കള്‍ പഠിക്കുന്നത്

മാവേലിക്കര: കൊവിഡ് 19 മഹാമാരിക്കിടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ നല്‍കിയ മൊബൈല്‍ ഫോണ്‍ മോഷണം പോയി.  മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ വിതരണം ചെയ്ത മൊബൈല്‍ ഫോണാണ് മോഷണം പോയത്. മാവേലിക്കര ജില്ലാ ആശുപത്രി ജങ്ഷന് സമീപം  ചായക്കട നടത്തി വരുന്ന കൊച്ചുവീട്ടില്‍ വര്‍ഗ്ഗീസിന് മക്കളുടെ പഠനത്തിന് നല്‍കിയതായിരുന്നു ഈ മൊബൈല്‍ഫോണ്‍.

തഴക്കര എംഎസ്എസ്എച്ച്എസ്എസില്‍ ഒന്‍പതാം ക്ലാസിലും മാവേലിക്കര എഒഎംഎംഎല്‍പിഎസില്‍ നാലാം ക്ലാസിലും പഠിക്കുന്ന ഇവര്‍ക്ക് ഒരാഴ്ച മുമ്പാണ് എംഎല്‍എ മൊബൈല്‍ ഫോണ്‍ നല്‍കിയത്. കടയോട് ചേര്‍ന്നു തന്നെയാണ് വര്‍ഗ്ഗീസിന്റെ വീടുമുള്ളത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.  ഈ സമയം കടയില്‍ സാധനം വാങ്ങാന്‍ ബൈക്കിലെത്തിയ യുവാവ്, വര്‍ഗ്ഗീസ് സാധനം എടുക്കുന്നതിനിടയില്‍, ഇപ്പോ തിരികെ വരാമെന്നു പറഞ്ഞ് ബൈക്കില്‍ ആശുപത്രി ജങ്ഷനിലേക്ക് പോയി. ഇയാള്‍ പോയതിന് ശേഷമാണ് മൊബൈല്‍ കാണാതായതെന്ന് വര്‍ഗ്ഗീസ് പറയുന്നു.

മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായില്ല. സംഭവത്തില്‍ മാവേലിക്കര പോലീസില്‍ വര്‍ഗ്ഗീസ് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ് വര്‍ഗ്ഗീസ് . മക്കളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിഷമിച്ചിരിക്കെയാണ്  എംഎല്‍എ മൊബൈല്‍ ഫോണ്‍ നല്‍കിയത്. സംഭവത്തില്‍ അടിയന്തിരമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടണമെന്ന് എം എസ് അരുണ്‍കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!