
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മൊബൈൽ ഫോണുകൾ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയിൽ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളിൽ കയറിയാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ മോഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ പ്രതിയുടെ കൈയിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും മൊബൈലുകൾ കവരുന്നാണ് രീതി.
ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽ വച്ച് തന്നെ ഷർട്ട് മാറി അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥി തൊഴിലാളികൾക്ക് മറിച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. ഇതുവഴി ലഭിക്കുന്ന തുക ലഹരി ഉപയോഗത്തിനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പിന്നാലെ ഉടനടി വസ്ത്രം മാറുന്നതിനാൽ സി സി ടി വി ദൃശ്യങ്ങളിലും തിരിച്ചറിയാൻ പാടായിരുന്നെന്ന് ആർ പി എഫ് വ്യക്തമാക്കി. മോഷണത്തിന് ശേഷം പവർ ഹൗസ് റോഡ് വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ നാടകീയമായാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വട്ടപ്പാറയിൽ വാഹന മോഷണക്കേസിലെ പ്രതി അറസ്റ്റിലായി എന്നതാണ്. നെടുമങ്ങാട് സ്വദേശി ജയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 നാണ് വട്ടപ്പാറ സ്വദേശി സുരേന്ദ്രന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ജയകുമാർ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സുരേന്ദ്രന്‍റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ഭാഗത്ത് നിന്ന് മോഷ്ടിച്ച ഈ ബൈക്ക് ഇവിടെ ഉപേക്ഷിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ ബൈക്ക് പ്രതി മോഷ്ടിച്ചത്. ഇരു സ്ഥലങ്ങളിലെയും സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. മോഷണത്തിന് പിന്നാലെ നെടുമങ്ങാടുള്ള ആക്രിക്കടയിൽ വിറ്റ ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ജയകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam