
കൊച്ചി: റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നതിനായി 70,000 രൂപ മുടക്കി രൂപമാറ്റം വരുത്തിയ കാറിനെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനത്തെ മറികടന്ന് പാഞ്ഞ കാറിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ മൊബൈൽ ഫോണിൽ പകർത്തി ഉടനെ ട്രാഫിക് പൊലീസിന് അയച്ചു. നടപടിയെടുക്കാനുള്ള നിർദേശം ലഭിച്ചതോടെ ഇടപ്പള്ളി ട്രാഫിക് പൊലീസ് വാഹനം പിടികൂടുകയും, മോട്ടോർ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു.
എറണാകുളം എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളും കണ്ടെത്തി. തുടർന്നാണ് 35,000 രൂപ പിഴ ചുമത്തിയത്. വൈപ്പിൻ സ്വദേശിയായ കാർ ഉടമയുടെ മകൻ, ഏകദേശം 70,000 രൂപയോളം ചെലവാക്കിയാണ് കാറിൽ അനധികൃത മാറ്റങ്ങൾ വരുത്തിയത്. സൈലൻസർ ഉൾപ്പെടെയുള്ള അനധികൃത മാറ്റങ്ങൾ നീക്കം ചെയ്ത്, വാഹനം പഴയപടിയാക്കി ആർടി ഓഫീസിൽ ഹാജരാക്കണമെന്ന് ഉടമയോട് കർശനമായി നിർദേശിക്കപ്പെട്ടു. കൂടാതെ, ഡ്രൈവർക്ക് നിർബന്ധിത ബോധവത്കരണ ക്ലാസും നൽകി. ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam