സൈലന്‍സറില്‍ നിന്നും തീ, റീല്‍സിലെ താരം; വൈറല്‍ കാറിന് എംവിഡി പൂട്ടിട്ടു, 44,250 രൂപ പിഴ

Published : Oct 18, 2022, 08:26 PM IST
 സൈലന്‍സറില്‍ നിന്നും തീ, റീല്‍സിലെ  താരം; വൈറല്‍ കാറിന് എംവിഡി പൂട്ടിട്ടു, 44,250 രൂപ പിഴ

Synopsis

ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നുമാണ് തീ വരുന്ന രീതിയിൽ മാറ്റം വരുത്തിയത്. വാഹനത്തിന്റെ ഇ.സി.യുവിൽ മാറ്റം വരുത്തിയായിരുന്നു തീ പറത്തിയിരുന്നത്. ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലപ്പുറം: തീപ്പിടിച്ചോടുക എന്ന് കേട്ടിട്ടുണ്ടാകും, എന്നാൽ കണ്ടാലോ...? അതും കാറിന്റെ സൈലൻസറിൽ നിന്ന്. സംഭവം ഹിറ്റായി. കാറിന് നിമിഷ നേരം കൊണ്ട് സ്റ്റാർ വാല്യു ആയി. ഇൻസ്റ്റഗ്രാമിൽ താരവും. എന്നാൽ തീതുപ്പി നടന്ന കാർ മാട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വലയിലായതോടെ പിഴയിട്ടത് 44,250 രൂപ. അനധികൃത മോടികൂട്ടലിനാണ് മലപ്പുറം വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം അധികൃതർ പിഴ ഈടാക്കിയത്. 

കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് കാർ  വാടകക്ക് നൽകിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നു. കോളേജുകളിലെ ആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ.   സൈലന്‍സറില്‍ നിന്നും തീ വരുന്ന കാർ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എട്ട് തരത്തിലുള്ള രൂപ മാറ്റങ്ങളാണ് ഉടമയായ സാബിത് കാറിനു  വരുത്തിയത്. ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നുമാണ് തീ വരുന്ന രീതിയിൽ മാറ്റം വരുത്തിയത്. വാഹനത്തിന്റെ ഇ സി യു വിൽ മാറ്റം വരുത്തിയായിരുന്നു തീ പറത്തിയിരുന്നത്. ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് കാറിന് കുരുക്ക് വീണത്.  പിന്നിൽ  വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്..   

വാഹനത്തിന്റെ ഉയരം കൂട്ടാനും കുറക്കാനുമുള്ള സംവിധാനങ്ങൾ, ത്രീവത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറിൽ അനധികൃതമായി ഘടിപ്പിച്ച നിലയിലാണ്. വാഹനത്തിന്റെ ടയർ,  സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ കേസുകളിലാണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കിയത്. പിഴ അടച്ച് തലയൂരാമെന്ന് കരുതിയെങ്കിൽ തെറ്റി, ഏഴ് ദിവസത്തിനുള്ളിൽ വാഹനം യഥാർഥ രൂപത്തിലാക്കിയതിന് ശേഷം പരിശോധനക്ക് ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് താക്കീതും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം വി ഐ. കെ എം അസൈനാർ, എ എം വി ഐമാരായ പി ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക നിരീക്ഷണങ്ങൾ വഴി കണ്ടെത്തിയാണ് വാഹനത്തിനെതിരെ  നടപടി എടുത്തത്. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബസുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയതെങ്കിലും നിയമം ലംഘിക്കുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു.

Read More : പാലക്കാട് 10 ദിവസത്തെ പരിശോധന; 72 വാഹനങ്ങളുടെ വേ​ഗപ്പൂട്ടിൽ ക്രമക്കേട്; 6 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ