
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിലെടുത്ത ശ്രീതുവാണ് മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നത്. അതേസമയം കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസിന് കത്ത് നൽകി.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ദേവസ്വത്തിൽ നിയമനം നൽകിയതായി കാണിച്ച് നിയമന ഉത്തരവും നൽകിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയരുന്നു. എന്നാൽ കസ്റ്റഡിയിൽ വാങ്ങിയപ്പോള്‍ ശ്രീതു മൊഴി മാറ്റി. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.
ദേവസ്വം ബോർഡ് ഓഫീസിന് സമീപം ഒരു വാഹനത്തിലിരുന്ന് പണം വാങ്ങിയെന്നാണ് പരാതിക്കാരൻെറ മൊഴി. സ്ഥലത്ത് കൊണ്ടുവന്ന പൊലീസ് തെളിവെടുത്തു. പക്ഷെ കേസിൽ പ്രധാന തുമ്പ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ കമ്പ്യൂട്ടർ കണ്ടെത്തുകയാണ്. സ്ഥാപനത്തെ കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോള്‍ പറയുന്നത്. വിലങ്ങ് വച്ച് റോഡിലൂടെ നടത്തികൊണ്ടുപോകുമെന്ന് വിരട്ടിയെങ്കിലും പ്രതിക്ക് ഒരു കൂസലുണ്ടായില്ല.
സാമ്പത്തിക തട്ടിപ്പിൽ മറ്റ് എട്ടു പരാതികള്‍ ശ്രീതുവിനെതിരെ ലഭിച്ചുവെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല. ഭൂമി വാങ്ങാൻ ജ്യോത്സ്യന് 36 ലക്ഷം കൈമാറി വഞ്ചിക്കപ്പെട്ടുവെന്ന ശ്രീതുവിൻെറ മൊഴിയിലും ഇതേവരെ തെളിവ് കണ്ടെത്താനായി പൊലീസിന് കഴിഞ്ഞിട്ടില്ല. അതേ സമയം കുട്ടിയെ കൊന്ന അമ്മാവൻ ഹരികുമാറിന് മാനസി പ്രശ്നങ്ങളില്ലെന്ന് വൈദ്യുപരിശോധന റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി. ഹരികുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി. കൊലപാതകത്തിൽ അമ്മക്കുള്‍പ്പെടെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam