മൊണാലിസയും അച്ഛനും കേരളത്തിലെത്തിയത് ഷൂട്ടിനായി, പിന്നീട് നടന്നതെല്ലാം സിനിമാ കഥപോലെ നാടകീയം, ഒടുവിൽ വൈറല്‍ സുന്ദരിക്ക് തലസ്ഥാനത്ത് മാംഗല്യം

Published : Mar 11, 2026, 10:25 PM IST
MONalisa

Synopsis

വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു.

തിരുവനന്തപുരം: വിവാദങ്ങൾക്കും വെറുപ്പിന്‍റെ പ്രചാരണങ്ങൾക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണിൽ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയിൽ വച്ച് പ്രണയത്തിന്‍റെ പേരിൽ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവിൽ ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ മാംഗല്യം. വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു.

ദിവസങ്ങളായി സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി പൂവാറിലുണ്ടായിരുന്ന ഇവർ ഇന്ന് രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്.

തിരുവനന്തപുരം സ്വദേശി ജയകുമാറിന്‍റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസയും പിതാവും ഇവിടെ എത്തിയിരുന്നത്. വിവരം അറിഞ്ഞ പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു. മൊണാലിസ പിതാവിനൊപ്പം താമസിച്ചിരുന്ന വീട്ടുടമയായ ജയകുമാറിനെ പൊലീസ് വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി, മണിക്കൂറുകൾക്കൊള്ളിൽ വിവാഹപ്പന്തലൊരുങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എഎ റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹശേഷം മൊണാലിസയും ഫര്‍മാന്‍ ഖാനും എം.വി.ഗോവിന്ദന്‍റെയും വി.ശിവന്‍കുട്ടിയുടെയും കാല്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് വധൂവരന്മാര്‍ക്ക് നേതാക്കള്‍ ബൊക്കെ നല്‍കി. വിവാഹത്തിന് മൊണാലിസയുടെ പിതാവ് എതിരായിരുന്നതു കൊണ്ടാണു കേരളത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നു മുഹമ്മദ് ഫര്‍മാന്‍ പറഞ്ഞു.

കുറച്ചുനാളുകള്‍ കേരളത്തില്‍ തന്നെ തുടരാനാണ് ആലോചിക്കുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു. താനും സിനിമാ നടന്‍ ആണെന്നും ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും ഫര്‍മാന്‍ പറഞ്ഞു. മൊണാലിസയാണ് ആദ്യം പ്രണയം അറിയിച്ചത്. ആദ്യം എതിര്‍ത്തു. പിന്നീടാണ് പ്രണയത്തിലാകുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളം അതീവസുന്ദരമാണെന്നും വലിയ പിന്തുണയാണ് ഇവിടുത്തെ ആളുകള്‍ നല്‍കുന്നതെന്നും മൊണാലിസ പ്രതികരിച്ചു. ഗ്രാമത്തില്‍ ഒരാളെ വിവാഹം കഴിക്കാനാണ് കുടുംബം നിര്‍ദേശിച്ചത്. അത് ഇഷ്ടമല്ലാതിരുന്നതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്നും മൊണാലിസ പറഞ്ഞു.

രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ അവര്‍ ഒന്നിക്കുന്നു എന്നായിരുന്നു ചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. അങ്ങനെ തീരുമാനിച്ചപ്പോൾ അവർ തെരഞ്ഞെടുക്കാൻ പറ്റുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് എന്ന് സംബന്ധിച്ച് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കേരളമാണ്. അങ്ങനെ അവർ കേരളത്തിൽ വന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്.’ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണല്ലോ ശ്രീനാരായണ ഗുരുവിന്‍റെ ആപ്തവാക്യമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നാണു മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്‍റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.ചടങ്ങുകൾക്ക് ശേഷം രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി കേരളത്തിന് നന്ദി പറഞ്ഞാണ് ഇരുവരും മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
പുഞ്ചക്ക് വെള്ളം തുറന്ന് വിടാനെത്തിയപ്പോൾ നഷ്ടമായത് മോതിരം, വിദേശത്ത് നിന്നെത്തിയ സുഹൃത്തിന് കിട്ടിയത് 5 വർഷം മുൻപ് കാണാതായ പൊന്ന്