
മാവേലിക്കര: ലോഡ്ജിലെ താമസക്കാരനായ ഭിന്നശേഷിക്കാരന്റെ പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ അറസ്റ്റിൽ. മാവേലിക്കര പുതിയകാവ് കുളത്തിന്റെ കരയിൽ വീട്ടിൽ ബാബുക്കുട്ടൻ എന്ന രാജേന്ദ്രപ്രസാദ് (57), പത്തിയൂർ എരുവ പുത്തൻ കണ്ടത്തിൽ വീട്ടിൽ പുൽച്ചാടി എന്ന വിഷ്ണു (30) എന്നിവരെയാണ് മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെ അതിക്രമിച്ചു കടന്ന ഇവർ മുറിയിലുണ്ടായിരുന്ന യുവാവിന്റെ ബാഗ് തട്ടിപ്പറിച്ച് 19,000 രൂപയും മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ ഫോണും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂരിലെ തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് കമ്പനിക്കടവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ പ്രതി കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച് കിട്ടുന്ന പണം ഇയാള്‍ ആഢംബര ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു പതിവ്. പണം തീരുമ്പോള്‍ വീണ്ടും മോഷ്ടിക്കാനിറങ്ങും. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന മേഖലയിൽ പകൽ ആക്രി പെറുക്കാൻ നടന്ന് രാത്രി സമയങ്ങളിലാണ് പ്രതി മോഷണത്തിന് ഇറങ്ങുന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഗോവിന്ദപുരം പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലും വന്‍ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തിത്തുറന്നു. ശ്രീകോവില്‍ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുറ്റമ്പലത്തിന് അകത്തെ അഞ്ചും പുറത്തെ രണ്ടും ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തി തുറന്നത്.