Latest Videos

ദിര്‍ഹമെന്ന് പറഞ്ഞ് നല്‍കിയത് കടലാസ് കെട്ട്; ഓട്ടോഡ്രൈവര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

By Web TeamFirst Published Sep 6, 2021, 7:11 AM IST
Highlights

എട്ട് ലക്ഷം രൂപയുടെ ദിര്‍ഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാല്‍ മാറ്റിത്തരാമെന്നും സംഘം അറിയിച്ചു. ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി.
 

കാസര്‍കോട്: ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് രണ്ടംഗ സംഘം ഓട്ടോ ഡ്രൈവറെ പറ്റിച്ച് അഞ്ച് ലക്ഷം തട്ടിയെടുത്തു. തൃക്കരിപ്പൂര്‍ കാടാങ്കോട് നെല്ലിക്കാലിലെ പി ഹനീഫ എന്ന ഡ്രൈവറെയാണ് സംഘം പറ്റിച്ചത്. ഭാര്യയുടെ സ്വര്‍ണം വിറ്റ അഞ്ച് ലക്ഷമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ചന്തേര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ദിര്‍ഹം മാറാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഹനീഫയെ സമീപിക്കുന്നത്. തന്റെ സുഹൃത്ത് മാറ്റിത്തരുമെന്ന് ഹനീഫ അറിയിക്കുന്നു. അങ്ങനെ ആദ്യം 100 ദിര്‍ഹം മാറ്റി. അതില്‍ ഹനീഫക്ക് ലാഭം കിട്ടി. പിന്നീട് എട്ട് ലക്ഷം രൂപയുടെ ദിര്‍ഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാല്‍ മാറ്റിത്തരാമെന്നും സംഘം അറിയിച്ചു. ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി. തൃക്കരിപ്പൂരില്‍വെച്ച് പണം കൈമാറാമെന്നും തീരുമാനമായി.

ഭാര്യയോടൊപ്പം എത്തിയ ഹനീഫ, പണം സംഘത്തെ ഏല്‍പ്പിച്ചു. തുണിയില്‍ പൊതിഞ്ഞ ദിര്‍ഹം സംഘം ഹനീഫയുടെ കൈയില്‍ ഏല്‍പ്പിച്ചയുടന്‍ ഓടിക്കളഞ്ഞു. പരിശോധിച്ചപ്പോള്‍ ദിര്‍ഹത്തിന് പകരം കടലാസ് കെട്ടുകള്‍. ഇവരുടെ പേരോ വിവരമോ ഹനീഫക്ക് അറിയില്ല. ഇവര്‍ വിളിച്ച മൊബൈല്‍ നമ്പര്‍ മാത്രമാണ് ഏക തെളിവ്. ചെറുവത്തൂരില്‍വെച്ചാണ് സംഘത്തെ പരിചയപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!