
മലപ്പുറം : മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളോട് ക്രൂരത. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷം വില പിടിപ്പുള്ള മൊബൈലും പേഴ്സും കവർന്നു. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാൾ തൊഴിലാളികളെ എത്തിച്ചത്. അവിടെ ഇല്ലാത്ത പണിയെടുപ്പിച്ച ശേഷം തൊഴിലാളികളുടെ പണവും പേഴ്സും കവർന്ന് യുവാവ് മുങ്ങുകയായിരുന്നു.
ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നു എന്ന് നാട്ടുകാർ ഉടമയെ വിളിച്ചു അറിയിക്കുകയായിരിന്നു. യുവാക്കളെ ജോലിക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീടിന്റെ ഉടമ ഫിറോസ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫിറോസ് ബാബു പൊലീസിൽ പരാതി നൽകി. മൂന്ന് വർഷമായി ഒഴിഞ്ഞു കിടന്ന സ്ഥലത്തെത്തിച്ചാണ് കബളിപ്പിച്ചത്. മക്കരപ്പറമ്പ് ടൗണിൽ നിന്നാണ് ജോലി ഉണ്ടെന്ന് പറഞ്ഞ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള രാമപുരത്ത് എത്തിക്കുന്നത്. രണ്ട് മണിക്കൂറോളം പണിയെടുപ്പിച്ചു. മുകളിലത്തെ നിലയിലേക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഇവർ താഴെ വച്ചുപോയ ബാഗിൽ നിന്ന് പണവും പേഴ്സും മൊബൈൽ ഫോണും കവർന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.