
ഇടുക്കി: വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ജീവനക്കാരെയും രോഗികളെയും ഒരുപോലെ പരിഭ്രാന്തരാക്കിയ നാടകീയ രംഗങ്ങൾ. കേരളത്തിലുടനീളം നിരന്തരം കേട്ടുവരുന്ന പെരുമ്പാമ്പും രാജവെമ്പാലയും ഒന്നുമല്ല ഇത്തവണ അതിഥിയായി എത്തിയ താരം, അതൊരു ഉടുമ്പാണ്. വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയുടെ ഉള്ളിലേക്കായിരുന്നു ഉടുമ്പ് കയറിവന്നത്.
അപ്രതീക്ഷിത കാഴ്ച കണ്ട് ജീവനക്കാർ പേടിച്ച് ഓടിമാറി. ഈ സമയം ഒട്ടും ഭയമില്ലാതെ ഉടുമ്പ് നേരെ ചെന്ന് കയറിയത് ആശുപത്രിയുടെ കൗണ്ടറിന് മുകളിലേക്ക്. ഇതോടെ ജീവനക്കാർ ആകെ പരിഭ്രാന്തിയിലായി. ഉടൻതന്നെ ആശുപത്രി ജീവനക്കാർ വള്ളക്കടവിലെ വനപാലകരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വള്ളക്കടവ് വനപാലകരും കുമളി ആർ ആർ ടി (Rapid Response Team) ടീമും ചേർന്ന് ഉടുമ്പിനെ പിടികൂടാൻ ശ്രമം തുടങ്ങി. ഏകദേശം അര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ ഉടുമ്പിനെ അവർ കീഴടക്കി. പിടികൂടിയ ഉടുമ്പിനെ പിന്നീട് തേക്കടി വനത്തിൽ കൊണ്ടുപോയി സുരക്ഷിതമായി തുറന്നുവിട്ടു.