
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറുടെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണം കവർന്നു. ടികെഎസ് പുരം തിരുമുപ്പത്ത് റോഡിൽ ആലിങ്ങപ്പൊക്കം ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ നൽകിയ വിവരമനുസരിച്ച്, മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും മുന്നൂറ് രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണം നടക്കുന്ന സമയത്ത് ആനന്ദന്റെ അമ്മ അംബുജാക്ഷിയും ഭാര്യ സ്മിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ.എസ്. കൈസാബ് ആവശ്യപ്പെട്ടു.