വയനാട്ടില്‍ കുരങ്ങുപനി വാക്‌സിന് ക്ഷാമം; ഇന്ന് കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിക്കും

By Web TeamFirst Published Apr 21, 2020, 11:01 AM IST
Highlights

കര്‍ണാടകയില്‍നിന്നാണ് കുത്തിവെപ്പിന് ആവശ്യമായ മരുന്ന് എത്തിക്കുന്നത്. 3000 ഡോസ് മരുന്ന്  ഇന്ന്  കേരളത്തിലെത്തിക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്.

കല്‍പ്പറ്റ: തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) കുത്തിവെപ്പ് ക്യാമ്പുകള്‍ തുടരുന്നതിനിടെ വാക്‌സിന് ക്ഷാമം. നിലവില്‍ 400 പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനുള്ള വാക്‌സിന്‍ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉള്ളത്. 

കര്‍ണാടകയില്‍നിന്നാണ് കുത്തിവെപ്പിന് ആവശ്യമായ മരുന്ന് എത്തിക്കുന്നത്. അനുവാദം ലഭിച്ചെന്നും 3000 ഡോസ് മരുന്ന് എത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ നാരങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി എന്നിവിടങ്ങളിലായുള്ള നാലുപേരുടെ പരിശോധന ഫലം ഇനി ലഭിക്കാനുണ്ട്. 

ഇതില്‍ ബേഗൂര്‍ കോളനി നിവാസിയായ സ്ത്രീ കല്പറ്റ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി മൂന്നുപേര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീടുകളില്‍ തിരിച്ചെത്തി. ഇവരുടെ പരിശോധനാ ഫലം വരാനുണ്ട്.

 അതേ സമയം കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ വൈറോളജി ലാബില്‍നിന്ന് പരിശോധനാ ഫലം വളരെ വൈകിയാണ് വരുന്നത്. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം 16 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതില്‍ നാരങ്ങാക്കുന്ന് സ്വദേശിയായ സ്ത്രീ മരിച്ചു.

click me!