പദ്ധതികള്‍ പലതുണ്ട്, കുടിക്കാന്‍ തുള്ളിവെള്ളമില്ല; അട്ടപ്പാടിയിലെ സ്വർണ്ണഗദ്ദ ഊര് നിവാസികള്‍ ദുരിതത്തില്‍

By Web TeamFirst Published Apr 21, 2020, 10:13 AM IST
Highlights

പദ്ധതികൾ പലതുണ്ടെങ്കിലും അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ സ്വർണ്ണഗദ്ദ ഊരിലെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിക്കാന്‍ തുള്ളിവെള്ളമില്ല.

പാലക്കാട്: കുടിവെള്ളമില്ലാതെ വലയുകയാണ് അട്ടപ്പാടിയിലെ സ്വർണ്ണഗദ്ദ ഊര് നിവാസികളും കുടിയേറ്റ കർഷകരും. കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഭവാനിപ്പുഴയുടെ കൈവഴിയായ വരഗാർ വറ്റിവരണ്ടതാണ് ഊര് നിവാസികളുടെ ദുരിതത്തിന് കാരണം.

പദ്ധതികൾ പലതുണ്ടെങ്കിലും അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ സ്വർണ്ണഗദ്ദ ഊരിലെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിക്കാന്‍ തുള്ളിവെള്ളമില്ല. കാലങ്ങളായി വരഗാറിനെയായിരുന്നു കുടിവെള്ളത്തിനായി ഇവർ ആശ്രയിച്ചിരുന്നത്. വേനൽ കനത്തതോടെ വരഗാര്‍ വറ്റി വരണ്ടു. കുടിവെള്ളത്തിനായി ഉണ്ടാക്കിയ മോട്ടർ പുര പ്രളയത്തിൽ തകർന്നു. പിന്നീട് അറ്റകുറ്റ പണി നടത്തിയെങ്കിലും രണ്ട് മാസം മാത്രമാണ് അതിൽ നിന്ന് വെള്ളം കിട്ടിയത്.

സാധാരണ വേനൽക്കാലത്ത് വാഹനത്തിൽ പഞ്ചായത്ത് കുടിവെള്ള വിതരണം നടത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണമാക്കി അതും നിലച്ചു. പഞ്ചായത്തിനോട് കുടിവെള്ളത്തിനായി സ്ഥിരം സംവിധാനം വേണമെന്ന് ഊരു നിവാസികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഊരിലേക്ക് അടിയന്തരമായി വെള്ളമെത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

 


 

click me!