കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയതിനെ തുടർന്ന് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം. ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ചതിലുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികൾക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാക്കിയതായി പരാതി. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. ടികെ ഷർമിനയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ജയകൃഷ്ണൻ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസ്. അഞ്ജലി ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയാണ്. ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ചതിന് പ്രതികാരമെന്നോണം നായ്ക്കുരണപ്പൊടി വിതറിയെന്നാണ് വിവരം. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം ആശുപത്രിയിലെ പരിശോധനാ മുറിയിൽ എത്തിയ ഡോ‌ക്‌ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പരിശോധിച്ചപ്പോൾ ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും അടക്കം നായ്‌ക്കുരണപ്പൊടി വിതറിയതായി വ്യക്തമായി. ചികിത്സ തേടിയ ഡോക്‌ടർ പിന്നീട് ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.