
തൃശ്ശൂര്‍: എരുമപ്പെട്ടിയില്‍ 11 കെ.വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ കുരങ്ങിനെ 41 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വനം വകുപ്പ് രക്ഷിച്ചെടുത്തു. വനം വകുപ്പിലെ വെറ്ററിനറി ഓഫീസര്‍ ഡോ. അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മച്ചാട് വെറ്ററിനറി ക്ലിനിക്കില്‍ കുരങ്ങിന് ചികിത്സ നല്‍കിയത്. സുഖം പ്രാപിച്ചതോടെ കുരങ്ങിനെ കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു.
ജൂലൈ ആറാം തീയ്യതി എരുമപ്പെട്ടിയില്‍ വെച്ചാണ് കുരങ്ങിന് വൈദ്യുതാഘാതമേറ്റത്. കൈയും കാലും അപകടത്തില്‍ അറ്റുപോയി. അത്യാസന്ന നിലയിലായിരുന്ന കുരങ്ങ് 41 ദിവസത്തെ ചികിത്സയിലാണ് സുഖം പ്രാപിച്ച് ആരോഗ്യം വീണ്ടെടുത്തത്. കുരങ്ങിനെ ആദ്യം കാണുമ്പോള്‍ അത് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വെറ്ററിനറി ഓഫീസര്‍ ഡോ. അശോക് പറഞ്ഞു. മയങ്ങാനുള്ള മരുന്ന് കൊടുത്ത ശേഷം നിരീക്ഷിച്ചപ്പോള്‍ തലയ്ക്ക് കാര്യമായ പരിക്കുണ്ടെന്ന് മനസിലായി. കണ്ണുകള്‍ അടഞ്ഞ നിലയിലായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഹോമിയോ മരുന്നുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് കണ്ണിനുള്ള പരിചരണം ലഭ്യമാക്കിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇതോടെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. പിന്നീട് മറ്റ് ചികിത്സകള്‍ കൂടി നല്‍കി. അതോടെ ആരോഗ്യം വീണ്ടെടുത്ത കുരങ്ങനെ കഴിഞ്ഞ ദിവസം കാട്ടിലേക്ക് തുറന്നുവിട്ടു. മറ്റ് കുരങ്ങുകള്‍ കൂട്ടത്തില്‍ കൂട്ടാതെ വരികയാണെങ്കില്‍ തിരികെ കൊണ്ടുവന്ന് സംരക്ഷണം നല്‍കാനാണ് പദ്ധതിയെന്നും ഡോക്ടര്‍ പറഞ്ഞു. ആവശ നിലയില്‍ ശരീരമാസകലം പരിക്കേറ്റ കുരങ്ങന്‍ ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും നിറഞ്ഞ സംതൃപ്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam