
ഇടുക്കി: കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. പ്രളയത്തില്‍ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ പോലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ കാട്ടിയ അലസതയാണ് മഴ കനത്തോടെ യാത്രക്കാര്‍ക്ക് തിരിച്ചടിയാവുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലും മൂന്നാര്‍ -ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതകള്‍ കടന്നുപോകുന്ന ഭാഗങ്ങളിലുമാണ് കഴിഞ്ഞ പ്രളയത്തില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായത്.
മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ഭാഗങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. എന്നാല്‍ പ്രളയം മാറി മാസങ്ങള്‍ പിന്നിട്ടിട്ടും മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കാലവര്‍ഷം വീണ്ടുമെത്തിയതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.
രണ്ടുദിവസമായി പെയ്ത കനത്ത മഴയില്‍ ദേവികുളം റോഡിലും മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ചെക്ക്ഡാമിന് സമീപവും മണ്ണിടിഞ്ഞു. യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് മാറ്റിയെങ്കിലും ശാശ്വത പരിഹാരമായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മൂന്നാറിലെ റോഡുകളുടെ സ്ഥിതിയും മറ്റൊന്നല്ല. പഴയ മൂന്നാര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങള്‍ പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്.
ചുരക്കത്തില്‍ ദേവികുളം താലൂക്കിലെ റോഡുകളുടെ പണികള്‍ നാളിതുവരെ തുടങ്ങിയിട്ടില്ലെന്ന് വാസ്ഥവം. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ കടന്നുവരവ് കുറഞ്ഞെങ്കിലും വാഹനങ്ങളുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. സ്‌കൂള്‍ വാഹനങ്ങളടക്കം കടന്നുപോകുന്ന പാതകള്‍ സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam