വരകളില്‍ കാട് പൂക്കുന്നു; ഗോത്ര വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവം പകര്‍ന്ന് 'മൂടെച്ചുളു' ക്യാമ്പ്

Published : Dec 30, 2021, 12:03 AM ISTUpdated : Dec 30, 2021, 12:07 AM IST
വരകളില്‍ കാട് പൂക്കുന്നു; ഗോത്ര വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവം പകര്‍ന്ന് 'മൂടെച്ചുളു' ക്യാമ്പ്

Synopsis

രണ്ടു വര്‍ഷത്തിലേറെയായി കാടിനുള്ളിലെ കോളനികളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെ മാനസികമായ ഉണര്‍വേകി വിദ്യാലയത്തിലേക്കും പൊതുസമൂഹത്തിലേക്കും തിരികെ എത്തിക്കാനുള്ള ശ്രമം കൂടിയാണ് 'മൂടെച്ചുളു' ദൃശ്യകലാ ക്യാമ്പ്.

കല്‍പ്പറ്റ: കാട്ടുപച്ചകളിലെ ഇലകളെ നോക്കി അവര്‍ പൂമരങ്ങള്‍ വരച്ചു. കല്ലുരച്ച് നിറങ്ങള്‍ നിറച്ച് വീടും നാടും കാടുമെല്ലാം വരഞ്ഞിട്ടു. മണ്ണ് കുഴച്ച് കണ്ണില്‍ കണ്ടതിനെയെല്ലാം ശില്‍പ്പങ്ങളാക്കി. കൂട്ടുകൂടിയും പാട്ടുപാടിയും അഞ്ചുദിനങ്ങള്‍. കൊവിഡിന്റെ ആകുലതകളെല്ലാം മറന്ന് കാടിനുള്ളിലെ കോളനികളില്‍ നിന്ന് അവരുടെ ലോകം പുറത്തേക്കിറങ്ങി. ആട്ടവും പാട്ടുമായി വനഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് വേറിട്ടതായ 'മൂടെച്ചുളു' ദൃശ്യ കലാക്യാമ്പിലെ വിശേഷങ്ങളാണ് പറഞ്ഞുവരുന്നത്. 

സംസ്ഥാന വന വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് വയനാട് വന വികസന സമിതിയുടെ സഹകരണത്തോടെ കുഞ്ഞോത്ത് തുടങ്ങിയ ക്യാമ്പാണ് ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കും പുതുമയുള്ള വേദിയാവുന്നത്. ഡിസംബര്‍ 30ന് സമാപിക്കുന്ന ദൃശ്യ കലാക്യാമ്പില്‍ ഒന്നുമുതല്‍ പത്താം തരം വരെയുള്ള എഴുപതിലധികം ഗോത്രവര്‍ഗ്ഗ കുട്ടികളാണ് പങ്കെടുക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി കാടിനുള്ളിലെ കോളനികളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെ മാനസികമായ ഉണര്‍വേകി വിദ്യാലയത്തിലേക്കും പൊതുസമൂഹത്തിലേക്കും തിരികെ എത്തിക്കാനുള്ള ശ്രമം കൂടിയാണ് 'മൂടെച്ചുളു' ദൃശ്യകലാ ക്യാമ്പ്.

കുഞ്ഞോം വനസംരക്ഷണസമിതിക്ക് കീഴിലുള്ള അരിമല. കല്ലറ, എടല, ഇടുപ്പായി, കോമ്പാറ, ചപ്പ, കല്ലിങ്കല്‍, കാട്ടിയേരി, മരാടി തുടങ്ങിയ ഒമ്പതോളം വനഗ്രാമങ്ങളിലെ കുട്ടികളാണ് ക്യാമ്പിലുള്ളത്. കുട്ടികളുടെ അഭിരുചികളെ അവര്‍ക്കൊപ്പം നിന്ന് പിന്തുണയ്ക്കാന്‍ കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് വിഭാഗം കുട്ടായ്മ ട്രസ്പാസ്സേഴ്സും കൂടി എത്തിയതോടെ നാടിനും ഇതൊരു വേറിട്ട അനുഭവമായി.

നിലവില്‍ കാലടിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നതും പുറത്തിറങ്ങിയവരുമടങ്ങിയ ഈ കൂട്ടായ്മ ഗോത്ര ജീവിത ചാരുതകളെ ഇവര്‍ക്കൊപ്പം നിന്ന് അടുത്തറിയുന്നു. മൂടെച്ചുളു എന്നാല്‍ വിവിധതരം മുത്തുകള്‍ കോര്‍ത്തെടുത്ത മാലയാണ്. പണിയ വിഭാഗത്തിലെ മുതിര്‍ന്ന തലമുറകളിലുള്ളവര്‍ അണിഞ്ഞ ഈ കല്ലുമാലകള്‍ പോലെ വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍  ഈ ദൃശ്യ കലാക്യാമ്പ് അണിനിരത്തുന്നു. പണിയ, കുറിച്യ, കാടര്‍ വിഭാഗത്തിലെ കുട്ടികളാണ് ക്യാമ്പ് അംഗങ്ങളായിട്ടുള്ളവര്‍.  കാട്ടില്‍ നിന്നും വഴിയോരത്തില്‍ നിന്നും പറിച്ചെടുത്ത ഇലകളെ നോക്കി ആദ്യ ദിവസം കുട്ടികള്‍ വരച്ചു. ഇതെല്ലാം ചേര്‍ത്ത് അനേകം ഇതളുകളുള്ള ഒരു പൂമരമാണ് ഇവിടെ ഉയര്‍ന്നത്.

ചുറ്റുപാടുകളില്‍ നിന്ന് കണ്ടെടുത്ത പച്ചിലകളും കല്ലും ഉരച്ചും കരിയും മഞ്ഞപ്പൊടിയും ചേര്‍ത്ത്  ഛായമുണ്ടാക്കിയും കുട്ടികള്‍ സ്വന്തം ഇഷ്ടാനുസരണം വര്‍ണ്ണ ചിത്രമെഴുതി. കളിമണ്ണ് കൊണ്ട് ശില്‍പ്പങ്ങളും മെനഞ്ഞെടുത്തു. സംസ്ഥാനതലത്തില്‍ വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത്തെ ക്യാമ്പിനാണ് വയനാട് ആതിഥ്യമരുളുന്നത്. കരിമ്പ്, ഗുലുമെ, നാങ്കച്ചെമ്മം എന്ന പേരില്‍ മൂന്ന് ദൃശ്യകലാ ക്യാമ്പുകള്‍ ഇതിനകം തെരഞ്ഞെടുക്കപ്പെട്ട ഇതര ജില്ലകളില്‍ നടന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

വിദ്യാലയ മതിലില്‍ വലിയ ചുമര്‍ചിത്രവും ക്യാമ്പ് അംഗങ്ങള്‍ ഒരുക്കും. വനവികസന ഏജന്‍സിയിലെ ലിജോ ജോര്‍ജ്ജ്, കുഞ്ഞോം വനസംരക്ഷണസമിതി സെക്രട്ടറി കെ.സനല്‍കുമാര്‍ എന്നിവരാണ് ക്യാമ്പ് ഏകോപിപ്പിക്കുന്നത്. പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് ദൃശ്യകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രീതരാമന്‍ അദ്ധ്യക്ഷത വഹിച്ചു. അവധിക്കാലത്തും കുട്ടികള്‍ ആവേശത്തോടെ മൂടെച്ചുളു ദൃശ്യകലാ ക്യാമ്പിനെ സജീവമാക്കിയതോടെ കുഞ്ഞോം വന സംരക്ഷണസമിതിയും നാട്ടുകാരും ഇവര്‍ക്ക് പിന്തുണയായുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ