
കൊച്ചി: ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെതിരെ കൂടുതൽ കവർച്ചാ പരാതികളും. മോഷ്ടിച്ച മൊബൈലുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതൽ പരാതികളെത്തിയത്.
പെരുമ്പാവൂർ പരിസരത്ത് രണ്ട് വീടുകളിൽ നിന്ന് ക്രിസ്റ്റൽ രാജ് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പിൽ സ്വദേശി പ്രദീപിന്റെ വീട്ടിൽനിന്ന് രാത്രി മൊബൈൽ ഫോണുകൾ കവർന്നു എന്ന പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. രാത്രി ഒന്നരയോടെയാണ് സംഭവം.
പ്രദീപിന്റെ മകൾ ആതിര, ആതിരയുടെ ഭർത്താവ് ഉണ്ണി എന്നിവരുടെ മൊബൈൽ ഫോണുകളാണ് കവർന്നത്. ജനൽ പാളികൾ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. അതും ഇയാൾ തന്നെയാകാം എന്നാണ് സംശയം. ഇവരുടെ വീടിന്റെ സമീപത്തുള്ള സിസിടിവി പരിശോധിച്ചതിൽ രാത്രി ഒരു മണിയോടെ ഒരാൾ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ കിട്ടിയിരുന്നു.
തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ആലുവയിലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടത്തിയ ആളുമായി സാമ്യം തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി എത്തുന്നത്. തുടർന്ന് കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധനയും നടത്തി. ഇതുകൂടാതെ മറ്റൊരു പോക്സോ കേസും ഇയാൾക്കെതിരെ പെരുമ്പാവൂർ പോലീസ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.
പുതിയ കേസുകളിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂർ പൊലീസ് പ്രതികരിച്ചു. വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മറിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. തിരുവനന്തപുരം സ്വദേശിയെങ്കിലും സ്ഥിരമായി എവിടെയും തങ്ങാതെ മോഷണം നടത്തി വരികയായിരുന്നു പ്രതി.
Read more: 17 -കാരനെ പണം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, തൃശൂരിൽ യുവാക്കൾ അറസ്റ്റിൽ
ക്രിസ്റ്റൽ രാജ് സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പോക്സോ കേസിൽ ഇവർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. ആലുവയിലെ കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നത് തിങ്കളാഴ്ച അന്വേഷണസംഘം എറണാകുളം പോക്സോ കോടതിയിൽ അപേക്ഷ നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam