പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38), വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടില്‍ ബാദുഷ (20) എന്നിവരാണ് പിടിയിലായത്.
പണം വാഗ്ദാനം ചെയ്ത് ഒന്നാംപ്രതി രഘു രണ്ടാംപ്രതിയുടെ സഹായത്തോടെ പതിനേഴുകാരനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് എസ് എച്ച് ഒ മാധവന്‍കുട്ടി കെയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്‌പെക്ടര്‍ അനുരാജ് ടി സി, അസ്സി, സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്‌കുമാര്‍, ഗീത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത്‌മോന്‍, അനീഷ്‌ലാല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ
അതേസമയം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
താന്‍ ഓടിക്കുന്ന ബസില്‍ യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുമായി മുര്‍ഷിദ് ബന്ധം സ്ഥാപിച്ചു. പിന്നീട് പെണ്‍കുട്ടിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ മുര്‍ഷിദ് പീഡിപ്പിച്ചത്. പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മുര്‍ഷിദ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ പിടിയിലായി.
