പിഎഫ് വിഹിതത്തിലെ അപാകത; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

Published : Mar 12, 2022, 07:05 AM IST
പിഎഫ് വിഹിതത്തിലെ അപാകത; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

Synopsis

പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റിഅറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്‍റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്‍റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് കിട്ടി.

പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ വിനോയിയുടെ ഫോണിൽ നിന്ന് വിജിലൻസ് ശേഖരിച്ചു. ഗെയിൻ പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാൾ മുതലെടുത്തതെന്നും വിജിലന്‍സ് അന്വേഷണത്തിൽ വ്യക്തമായി.

ഗവൺമെന്‍റ് എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്‍റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയിയെ പോലുള്ള ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിന് വളമായത്. ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഇങ്ങനെയെത്തിയതായിരുന്നു.

പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്‍റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്‍റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് കിട്ടി. ദുരനുഭവം നേരിട്ട മറ്റൊരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തി. വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവ്വം കാലതാമസം വരുത്തിയോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. 

വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലിൽ നിന്ന് വിനോയ് പിടിയിലായത്. പരാതിക്കാരിയായ അധ്യാപിക സമ്മാനമായി നൽകിയ ഫിനോഫ്തലിൻ വിതറിയ ഷർട്ട് ഉപയോഗിച്ചാണ് വിജിലൻസ് ഇന്‍റലിജൻസ് സംഘം വിനോയിയെ കുരുക്കിയത്. സർക്കാർ ഉദ്യോഗസ്ഥന് നൽകുന്ന പണമോ സമ്മാനമോ മാത്രമല്ല പണം കൊണ്ട് നിർവചിക്കാത്ത ആവശ്യങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ വരും. കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് തളിക്കാവ് അശ്വതി അപ്പാർട്ട്മെന്‍റിലെ വിസ്മയ വീട്ടിലെ വിനോയ്  ചന്ദ്രൻ ആർ. 41കാരനായ വിനോയ്  ഗവൺമെൻറ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസര്‍ പദവിയാണ് വഹിക്കുന്നത്.  


പ്രൊവിഡന്‍റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി ലൈംഗിക വേഴ്ചയ്ക്ക് ക്ഷണം; പി എഫ് ഓഫീസർ പിടിയില്‍
ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസർ വിജിലൻസ് പിടിയിലായി. കണ്ണൂർ സ്വദേശിയും  ഗെയ്ൻ പി എഫ് സംസ്ഥാന നോഡൽ ഓഫീസർ വിനോയ് സി.ആർ. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് വിനോയ് പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അധ്യാപികയെ നിരന്തരം ഫോൺ വിളിക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം