
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ കൂടുതലും സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളിൽ സ്ത്രീ സൗജന്യ യാത്ര ലഭ്യമല്ലെന്ന പരാതിയുയർന്നതിന് പിന്നാലെയാണ് പേരൂർക്കട-വികാസ്ഭവൻ ഡിപ്പോകളിൽ നിന്നും പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ആരംഭിച്ച രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകളുടെ ഫ്‌ളാഗ് ഓഫ് പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളിധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളെജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് രണ്ടു പുതിയ റൂട്ടുകൾ കൂടി അനുവദിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
പേരൂർക്കട, വികാസ് ഭവൻ ഡിപ്പോകളുടെ വികസനത്തിനായി ക്രിയാത്മക പദ്ധതികൾ നടപ്പാക്കും. പേരൂർക്കട ഡിപ്പോയിൽ 9 കോടിയോളം രൂപയുടെ വികസന പദ്ധതികളും ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങളടക്കമുള്ള നവീകരണ പ്രവർത്തനങ്ങളും സർക്കാരിന്‍റെ പരിഗണനയിലാണെന്നും എംഎൽഎ-എംപി ഫണ്ടുകൾ ഉൾപ്പെടെ ഇതിനായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വികാസ് ഭവൻ ഡിപ്പോയിൽ പുതിയ മാസ്റ്റർപ്ലാൻ തയാറാക്കി മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ പ്രിയദർശിനി സർവീസുകളെത്തുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam