ഓച്ചിറ 28-ാം ഓണാഘോഷം പ്രമാണിച്ച് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കുമാണ് അവധി അനുവദിച്ചത്. സെപ്റ്റംബർ 23നാണ് 28-ാം ഓണാഘോഷം.

കായംകുളം: ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിനും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കുമാണ് അവധി അനുവദിച്ചത്. കായംകുളം എംഎൽഎ കൂടിയായ സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി അവധി അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഓച്ചിറയുടെ സാംസ്കാരികവും പാരമ്പര്യപരവുമായ പ്രധാന ആഘോഷങ്ങളിലൊന്നാണ് സെപ്റ്റംബർ 23ന് നടക്കുന്ന 28-ാം ഓണം. ഓച്ചിറയിലും സമീപപ്രദേശങ്ങളിലും ഉള്ള ജനങ്ങൾ ഏറെ പ്രാധാന്യത്തോടെയും ജനപങ്കാളിത്തത്തോടെയും ആചരിച്ചുവരുന്ന ഈ ആഘോഷം ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകളുമായി കേരളം ബന്ധപ്പെട്ടതാണ്. ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിലും ചടങ്ങുകളിലും പ്രദേശവാസികൾക്ക് സജീവമായി പങ്കെടുക്കുന്നതിന് അവധി അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഘോഷത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്തുകൊണ്ട് മന്ത്രി എം ലിജുവിന്റെ ഇടപെടലുണ്ടായത്.

നേരത്തെ, ആഘോഷത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിന് തടസ്സമായി നിന്നിരുന്ന കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകളുടെ കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് ലൈനുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. കൃഷ്ണപുരത്തുകാരുടെ ഏറെനാളായുള്ള ആവശ്യത്തിനായിരുന്നു ഇതോടെ ശാശ്വത പരിഹാരമായത്.