ചേര്‍ത്തലയില്‍ സ്കൂള്‍ കെട്ടിടം പൊളിക്കുമ്പോള്‍ കിട്ടിയ നിധികുംഭ പാത്രവും ചെമ്പ് പാത്രങ്ങളും പുരവസ്തുവകുപ്പിന് കൈമാറി

By Web TeamFirst Published Jan 10, 2020, 4:51 PM IST
Highlights

ഒരു നിധികുംഭ പാത്രം, ഒന്നരയടി പൊക്കമുള്ള ആറ് വലിയ ചെമ്പ്കുടങ്ങൾ, രണ്ട് അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാർപ്പുകൾ തുടങ്ങി പതിനൊന്ന് ഉപകരണങ്ങളാണ് തകർന്ന കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 

ചേർത്തല: നഗരത്തിലെ പ്രധാന സ്കൂളിൽ നിന്ന് കണ്ടെത്തിയ നിധികുംഭ പാത്ര മടക്കമുള്ള ചെമ്പ് പാത്രങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറി. ശ്രീനാരായണ മെമ്മോറിയൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്റെറി സ്കൂളിലാണ് കഴിഞ്ഞ ജൂലൈ മാസം അഞ്ചാം തീയതി കെട്ടിടം പൊളിച്ചപ്പോഴായിരുന്നു ചെമ്പ് പാത്രങ്ങൾ കണ്ടെത്തിയത്. ഒരു നിധികുംഭ പാത്രം, ഒന്നരയടി പൊക്കമുള്ള ആറ് വലിയ ചെമ്പ്കുടങ്ങൾ, രണ്ട് അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാർപ്പുകൾ തുടങ്ങി പതിനൊന്ന് ഉപകരണങ്ങളാണ് തകർന്ന കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 

ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്ന് പ്രധാന അധ്യാപിക പി. ജമുനാദേവി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചു. ഇതനുസരിച്ച് ചേർത്തല നഗരസഭയുമായി ബന്ധപെട്ട് പുരാവസ്തു വകുപ്പിന് പാത്രങ്ങള്‍ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയം ഇൻ ചാർജ്ജ് കെ. ഹരികുമാർ സ്കൂളിലെത്തി പാത്രങ്ങൾ പരിശോധിച്ചു. 

പാത്രങ്ങള്‍ക്ക് നൂറിനും നൂറ്റമ്പതിനും ഇടയ്ക്ക് പഴക്കമുണ്ടെന്നും മൂശാരിമാർ ആലയിൽ നിർമ്മിച്ചതാണെന്നും, സ്കൂൾ തുടങ്ങിയ സമയത്ത് കരപ്പുറത്തെ പ്രധാന വീടുകളിൽ നിന്നും സംഭാവന നൽകിയിട്ടുള്ളവയുമാണെന്നും പുരാവസ്തു ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാലയമികവ് 2020 ന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെള്ളിയാഴ്ച രാവിലെ പുരാവസ്തു മ്യൂസിയം ഇൻ ചാർജ് കെ. ഹരികുമാറിന് പാത്രങ്ങൾ നഗരസഭാ ചെയർമാൻ വി. ടി. ജോസഫും സ്കൂൾ പ്രധാന അധ്യാപിക പി. ജമുനാദേവിയും ഒന്നിച്ച് കൈമാറി.

click me!