
ചേർത്തല: സ്കൂളിൽനിന്ന് കണ്ടെത്തിയ നിധികുംഭ പാത്ര മടക്കമുള്ള ചെമ്പ് പാത്രങ്ങൾ അധികൃതർ പുരാവസ്തു വകുപ്പിന് കൈമാറി. ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നാണ് കഴിഞ്ഞ ജൂലൈ അഞ്ചിന് പുരാതന വസ്തുക്കൾ കണ്ടെത്തിയത്. സ്കൂൾ കെട്ടിടം പൊളിക്കുന്നതിനിടെയായിരുന്നു ചെമ്പ് പാത്രങ്ങൾ മണ്ണിനടിയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഒരു നിധികുംഭ പാത്രം, ഒന്നരയടി പൊക്കമുള്ള ആറ് വലിയ ചെമ്പ്കുടങ്ങൾ, രണ്ട് അണ്ടാവ്, ഒരു കലം, രണ്ട് വലിയ വാർപ്പുകൾ തുടങ്ങി പതിനൊന്ന് ഉപകരണങ്ങളാണ് തകർന്ന കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. തുടർന്ന് സ്കൂൾ പ്രധാന അധ്യാപിക പി ജമുനാദേവി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചതനുസരിച്ച് ചേർത്തല നഗരസഭയുമായി ബന്ധപെട്ട് പുരാവസ്തു വകുപ്പിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. കായംകുളം കൃഷ്ണപുരം പാലസ് മ്യൂസിയം ഇൻ ചാർജ്ജ് കെ ഹരികുമാർ സ്കൂളിലെത്തി പാത്രങ്ങൾ പരിശോധിച്ചു.
പണ്ടുകാലത്തെ മൂശാരിമാർ ആലയിൽ നിർമ്മിച്ചതാണ് പാത്രങ്ങളെന്നും നൂറിനും നൂറ്റമ്പതിനും ഇടയ്ക്ക് പഴക്കമുണ്ടെന്നും പുര്വസ്തു വകുപ്പ് അധികൃതർ അറിയിച്ചു. സ്കൂൾ തുടങ്ങിയ സമയത്ത് കരപ്പുറത്തെ പ്രധാന വീടുകളിൽ നിന്നും സംഭാവന ലഭിച്ചവയാണഅ ഇവയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദ്യാലയമികവ് 2020 ന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെള്ളിയാഴ്ച രാവിലെ പുരാവസ്തു മ്യൂസിയം ഇൻ ചാർജ് കെ ഹരികുമാറിന് പാത്രങ്ങൾ നഗരസഭാ ചെയർമാൻ വി ടി ജോസഫും സ്കൂൾ പ്രധാന അധ്യാപിക പി ജമുനാദേവിയും ചേർന്ന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam