
മാന്നാർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഒന്നര ആഴ്ച്ചക്ക് ശേഷം പോലിസ് കണ്ടെത്തി. മെയ് മാസം എട്ടാം തീയതി രാവിലെ അഞ്ചര മണിക്ക് മാന്നാർ പരുമല ജങ്ഷന് വടക്ക് വശത്തു വെച്ചാണ് റാന്നി ഇടമൺ സ്വദേശിയായ നടേശൻ എന്നയാളിനെ നിയന്ത്രണം തെറ്റി വന്ന ലോറി ഇടിച്ചിട്ട് നിർത്താതെ പോയത്.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് രണ്ട് മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന നടേശനെ മാന്നാറിലെ മാധ്യമ പ്രവർത്തകനായ അൻഷാദ് മാന്നാർ ആണ് സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചത്. നടേശൻ ഇപ്പോളും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം നടന്ന അന്ന് തന്നെ പൊലീസ് സിസിടിവി പരിശോധന നടത്തിയതിൽ നിന്നാണ് ലോറി ആണ് ഇടിച്ചത് എന്ന് മനസിലായത്. എന്നാൽ അന്ന് വാഹനത്തിന്റെ നമ്പർ കിട്ടിയിരുന്നില്ല. തുടർന്നും മാന്നാർ പൊലീസ് വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു.
ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം ക്യാമറ ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചുവെങ്കിലും ഇവിടെ നിന്നെങ്ങും വാഹനത്തിന്റെ നമ്പർ ലഭിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി ഈ വാഹനം പോയ ദിശ മനസിലാക്കി മാന്നാർ വിട്ടുള്ള സ്ഥലങ്ങളിലെയും ക്യാമറ പൊലിസ് പരിശോധിച്ച് വരവേ കോട്ടയം ജില്ലാ പൊലിസ് കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിൽ എംസി റോഡിൽ ളായിക്കാട് ഭാഗത്തെ ക്യാമറയിൽ നിന്നാണ് വാഹനത്തിന്റെ നമ്പർ ലഭിച്ചത്. തുടർന്ന് കോട്ടയം പൊലിസ് കൺട്രോൾ റൂമിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ആളിനെ ഇടിച്ചിട്ട് നിർത്താതെ പോയത് തിരുവനന്തപുരം പാറശാലയിൽ ഒരു കമ്പനിയിലെ വാഹനമാണെന്നും വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി സുരേഷ് കുമാർ . എസ്ഐ ഹരോൾഡ് ജോർജ്, സിവിൽ പോലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ഹാഷിം, അനീഷ്, സാജിദ് എന്നിവരടങ്ങുന്ന പൊലിസ് സംഘമാണ് വാഹനം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam