
തൃശൂർ: ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച 60 ഓളം പേർക്കും ഛർദ്ദിയും വയറിളക്കവും തളർച്ചയും ഉണ്ടായതിനെ തുടർന്ന് കുട്ടികളുൾപ്പടെ 45 ഓളം പേർ ആലപ്പാട് ഗവൺമെമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പഴുവിൽ എസ് എൻ റോഡിൽ വടക്കുംന്തറ കൂട്ടായ്മയുടെ ന്യൂ ഇയർ ആഘോഷത്തിനടയിൽ വിതരണം ചെയ്ത ഇറച്ചിയും പൊറോട്ടയും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള കാറ്ററിങ് സ്ഥാപനത്തിൽ നിന്നെത്തിച്ചതാണ് ഭക്ഷണം എന്നാണ് സംഘാടകർ പറഞ്ഞത്.
സംഭവത്തെ തുടർന്ന് ആലപ്പാട് ഗവൺമെന്റ് ആശുപതിയിൽ നിന്നെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എത്തി ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ, വാർസംഗം ഉല്ലാസ് കണ്ണോളി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇത്രയും ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ കാറ്ററിങ്ങ് സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam