കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങളും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈലം സ്വദേശിയായ രഘുവാണ് പിടിയിലായത്.

കൊല്ലം: കൊട്ടാരക്കര പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമിച്ചുകയറി വിഗ്രഹവും ക്ഷേത്രസ്വത്തുക്കളും നശിപ്പിച്ച കേസിലെ പ്രതി പിടിയിലായി. മൈലംപള്ളിക്കൽ മുകളിൽ വീട്ടിൽ രഘുവിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന രഘു കൽവിളക്കുകളും മറ്റ് സാമ​ഗ്രികളും നശിപ്പിച്ചു. ദേവീനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ മറിച്ചിട്ടു. സർപ്പക്കാവിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ഹരിവിളക്കുകളും ഇളക്കിയിടുകയും, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം നീക്കം ചെയ്യുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ പ്രവർത്തനമെന് പൊലീസ് വ്യക്തമാക്കി.

കൊട്ടാരക്കര ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ അഭിലാഷ്, പങ്കജ് കൃഷ്ണ, സി.പി.ഒ.മാരായ മനു കൃഷ്ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്,അസർ, പ്രകാശ് കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെയാകും കൂടുതൽ കാര്യങ്ങൾ വ്യക്തമാവുക. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.