ലോക്ക്ഡൌണിൽ ഉടുമ്പൻചോലയിൽ നിന്ന് പിടികൂടിയത് 5000 ലിറ്ററിലേറെ കോട

By Web TeamFirst Published Jun 22, 2021, 10:14 PM IST
Highlights

28 കേസുകളിലായി 5308  ലിറ്റര്‍ കോടയും 111 ലിറ്റര്‍ ചാരായവുമാണ് ഉടുമ്പന്‍ചോലയില്‍ നിന്ന് കണ്ടെടുത്തത്...

ഇടുക്കി: ലോക്ഡൗണ്‍ കാലത്ത് ഉടുമ്പന്‍ചോലയില്‍ നിന്ന് പിടികൂടിയത് അയ്യായിരം ലിറ്ററിലേറെ കോട.  ഏലതോട്ടങ്ങളും ആളൊഴിഞ്ഞ വീടുകളോട് ചേര്‍ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇത്തവണ കേസുകള്‍ കൂടുതലും കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തി വന മേഖലകളില്‍ കേസുകള്‍ കുറവായിരുന്നു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ അബ്കാരി കേസുകള്‍ പിടികൂടിയ റേഞ്ചുകളില്‍ ഒന്നാണ് ഉടുമ്പന്‍ചോല. 

28 കേസുകളിലായി 5308  ലിറ്റര്‍ കോടയും 111 ലിറ്റര്‍ ചാരായവുമാണ് ഉടുമ്പന്‍ചോലയില്‍ നിന്ന് കണ്ടെടുത്തത്. ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. പതിനേഴ് പ്രതികളെ പിടികൂടാനുണ്ട്. വീടുകളും ഏലതോട്ടങ്ങളും കേന്ദ്രീകരിച്ചാണ് ലോക്ക്ഡൗണ്‍ കാലത്ത്, വ്യാജ വാറ്റ് സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിച്ചിരുന്നത്. 

കേരളാ- തമിഴ്‌നാട് അതിര്‍ത്തി വന മേഖലകളും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ വാറ്റ് സംഘങ്ങള്‍, ഇത്തവണ സജീവമായിരുന്നില്ല. പൊലിസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ നിരീക്ഷണമായിരുന്നു നടത്തിയിരുന്നത്. ചില്ലറ വില്‍പന ലക്ഷ്യം വെച്ച് നടത്തിയിരുന്ന വ്യാജ ചാരായ നിര്‍മ്മാണം ഒരുപരിധിവരെ ഇത്തവണ തടയാനായി.

click me!