
കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആലുവ സ്വദേശിയായ അമ്മയും ആണ്‍സുഹൃത്തും ഉപേക്ഷിച്ച കുഞ്ഞിനെ മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആ കൈമാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ യുവതി അന്ന് തന്നെ പ്രസവിച്ചു. മാനിഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവിൽ മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam