താന്ത്രിക മേഖലയില്‍ നിശബ്ദ വിപ്ലവം തീര്‍ത്ത് അമ്മയും മകളും

Published : May 11, 2023, 02:36 PM IST
താന്ത്രിക മേഖലയില്‍ നിശബ്ദ വിപ്ലവം തീര്‍ത്ത് അമ്മയും മകളും

Synopsis

വേദാന്തത്തില്‍ രണ്ട് ബിരുദാനന്തര ബിരുദമാണ് ജ്യോത്സനയ്ക്കുള്ളത്. ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് ജ്യോത്സന താന്ത്രിക വിദ്യാ പഠനം ആരംഭിക്കുന്നത്.

ഇരിങ്ങാലക്കുട: പുരുഷന്മാരുടെ കുത്തകയായ താന്ത്രിക മേഖലയില്‍ നിശബ്ദ വിപ്ലവം തീര്‍ത്ത് ഈ തൃശൂര്‍ സ്വദേശിനികള്‍. കുടുംബക്ഷേത്രത്തിലെ പൂജകള്‍ ചെയ്യാന്‍ കൊതിച്ചുകൊണ്ടുള്ള ബാല്യമാണ് 24കാരിയായ ജ്യോത്സന പത്മനാഭനെ സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ച് നില്‍ക്കുന്ന ഈ മേഖലയിലേക്ക് എത്തിച്ചത്. അറിഞ്ഞോ അറിയാതെയോ മകളിലൂടെ ജ്യോത്സനയുടെ അമ്മയും ഈ മേഖലയിലേക്ക് എത്തുകയായിരുന്നു.

മധ്യ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിലവില്‍ തന്ത്രിമാരായി സേവനം ചെയ്യുന്നുണ്ട് ഇരിങ്ങാലക്കുടയിലെ കാട്ടൂരുള്ള താരാനെല്ലൂര്‍ തെക്കിനിയേടത്ത് മനയിലെ ജ്യോത്സനയും അമ്മയും 47കാരിയുമായ അര്‍ച്ചന കുമാരിയും. എന്നാല്‍ തങ്ങളുടെ നേട്ടത്തെ സ്ത്രീ ശാക്തീകരണത്തിന്‍റെ അടയാളമായി കാണാന്‍ ഇരുവരും തയ്യാറല്ല. ബ്രാഹ്മണ കുടുംബാംഗങ്ങളെന്ന നിലയില്‍ തീവ്രമായ ഭക്തിയാണ് പൂജാ കര്‍മ്മങ്ങളുടെ മേഖലയിലേക്ക് ഇരുവരേയും ആകര്‍ഷിച്ചത്. വേദാന്തത്തില്‍ രണ്ട് ബിരുദാനന്തര ബിരുദമാണ് ജ്യോത്സനയ്ക്കുള്ളത്. ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് ജ്യോത്സന താന്ത്രിക വിദ്യാ പഠനം ആരംഭിക്കുന്നത്.

മകളുടെ തീവ്രമായ ആഗ്രഹത്തിന് പിതാവായ പത്മനാഭന്‍ നമ്പൂതിരിപ്പാട് എതിരു നിന്നില്ല. ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പിതാവിന് അതില്‍ തെറ്റൊന്നും തോന്നിയില്ല. മാത്രമല്ല സ്ത്രീകള്‍ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പൌരാണിക ഗ്രന്ഥങ്ങളില്‍ എവിടെയും വിലക്കുകളില്ലെന്നും ഇവര്‍ പറയുന്നു. പൈങ്കിനിക്കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ജ്യോത്സന ഭദ്രകാളിക്ക് പ്രാണപ്രതിഷ്ഠ ചെയ്തത്. ജ്യോത്സനയുടെ കുടുംബക്ഷേത്രമായ  ഇവിടെ പിതാവാണ് മുഖ്യ പൂജാരി.

സാധ്യമായ സമയങ്ങളിലെല്ലാം തന്നെ ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാറുണ്ട് ഈ 24കാരി. മകള്‍ തന്ത്ര വിദ്യ പഠനം ആരംഭിച്ചതിന് പിന്നാലെ അര്‍ച്ചനയും ഈ പാത തെരഞ്ഞെടുക്കുകയായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനെ ഇരുവരും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് സ്ത്രീ പുരുഷ സമത്വം തെളിയിക്കാനായി മാത്രമാകരുതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കാഞ്ചി, മദ്രാസ് സര്‍വ്വകലാശാലകളില്‍ നിന്നാണ് ജ്യോത്സന ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനംതിട്ട കളക്ടറുടെ ഔദ്യോ​ഗിക വാഹനം അപകടത്തിൽപെട്ടു, കോന്നിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
വിരലടയാളം പതിയുന്നില്ലെന്ന സാങ്കേതിക കാരണം, കാസര്‍കോട്ടെ 68കാരി ഹേമാവതിക്ക് ആധാര്‍ കാര്‍ഡില്ല, വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു