മകന്‍റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ ഉമ്മയും മരിച്ചു

By Web TeamFirst Published Dec 7, 2022, 10:39 AM IST
Highlights

മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ ഉമ്മ, കുഴഞ്ഞ് വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു.
 

പാലക്കാട്:  മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു

ഇതിനിടെ ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം രംഗത്തെത്തി. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു.  48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനം താഴെയായിരുന്നു ഹൃദയമിടിപ്പ്. അമ്മയെ ഉടൻ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിൽസ നൽകാൻ സീനിയർ ഡോക്ടർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി.

കൂടുതല്‍ വായനയ്ക്ക്:   ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം, ഭാര്യയും ആത്മഹത്യ ചെയ്തു; ഒന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

 

click me!