
അടിമാലി: ഇടുക്കി അടിമാലിയിൽ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. ഇന്നുച്ചക്ക് ശേഷം മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. അപകടം നടന്നതിന് പിന്നാലെ മെറ്റില്‍ഡയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയ ശേഷം മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
ആലപ്പുഴയിൽ രണ്ടിടത്തായി ബൈക്കപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന വാർത്ത ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കാൾ മരണപ്പെട്ടു എന്നതാണ്. മാന്നാർ കോയിക്കൽ ജങ്ഷന് സമീപത്തും പുന്നപ്ര ഗുരുമന്ദിരത്തിന് സമീപത്തുമാണ് ഇന്ന് അപകടങ്ങൾ ഉണ്ടായത്. മാന്നാർകോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. മാന്നാർ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് ( 23 ) , തലവടി ആനപ്രാമ്പൽ കോയിത്തറ വീട്ടിൽ ശ്യാംകുമാർ ( 40 ) എന്നിവരാണ് മാന്നാർ അപകടത്തിൽ മരിച്ചത്. 25 വയസുള്ള നവീൻ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിയാണ് മരണപ്പെട്ടത്. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. വാടയ്ക്കൽ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബി ടെക് വിദ്യാർത്ഥിയായ പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ജാക്സൺ – ഫിലോമിന ദമ്പതികളുടെ മകൻ ഡിക്സൻ ( 22 ) ആണ് പുന്നപ്ര അപകടത്തിൽ മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam