
മാന്നാർ: സംസ്ഥാന ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി മകൾക്ക് നിയമനം കിട്ടിയപ്പോൾ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി സർവീസ് പൂർത്തിയാക്കി അമ്മ പടിയിറങ്ങി. മാന്നാർ കുട്ടമ്പേരൂർ ചേരിയിൽ മഠത്തിൽ വി ശ്രീലക്ഷ്മി (24) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി രണ്ട് മാസം മുമ്പാണ് സർവീസിൽ കയറിയത്. ശ്രീലക്ഷ്മിയുടെ അമ്മ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായ വിജി കെ 24 വർഷത്തെ സർവീസിനു ശേഷം നാളെ വള്ളികുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും പടിയിറങ്ങും.
പ്ലസ് ടു കഴിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായ ശ്രീലക്ഷ്മി പരുമല പമ്പാ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു ശ്രീലക്ഷ്മിക്ക് ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പി.എസ്.സി വഴി നിയമനം ലഭിച്ചത്. 2001 ഏപ്രിൽ 30ന് കണ്ണൂർ ജില്ലയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായിട്ടായിരുന്നു അമ്മ വിജിയുടെ തുടക്കം. തുടർന്ന് കണ്ണൂരിൽ തന്നെ ധർമ്മടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പതിനാറര വർഷത്തെ സേവനത്തിനു ശേഷം 2017 സെപ്തംബർ 9 ന് ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോയിൻ ചെയ്തായിരുന്നു ആലപ്പുഴ ജില്ലയിലെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 9 ന് ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി വള്ളികുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ വിജി മകളുടെ പ്രായത്തോളമുള്ള സർവീസ് ജീവിതത്തിൽ നിന്നും നാളെ വിരമിക്കുമ്പോൾ മകൾ പടി കയറിയ സന്തോഷത്തിലാണ് അമ്മ. അമ്മയുടെ പകരക്കാരിയായി ആരോഗ്യ പ്രവർത്തകയായി ജോലി ചെയ്യാൻ ലഭിച്ചത് മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് മകൾ ശ്രീലക്ഷ്മി പറയുന്നു. സ്റ്റീൽ ഫർണിച്ചറുകൾ നിർമ്മിക്കുന്ന ശ്രീ സായി എൻജീനീയറിംഗ് സ്ഥാപന ഉടമയായ രമേശ് ബാബുവാണ് വിജിയുടെ ഭർത്താവ്. ഇവരുടെ മറ്റൊരു മകൻ ഉണ്ണികൃഷ്ണൻ ബി.ബി.എ പാസായ ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam