
പാലക്കാട്: പാലുകാച്ചിനും മുമ്പെ ക്ഷണിക്കാതെയെത്തിയ അതിഥി. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കെട്ടിയുണ്ടാക്കിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിനിടെയാണ് അവിടെ മറ്റൊരാൾ കൂട് കൂട്ടിയത്. കൂടുവെച്ച കുരുവിക്കൂട്ടം പറക്കുംവരെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് മാറ്റി കാത്തിരിക്കുകയാണ് പാലക്കാട് പടിഞ്ഞാറങ്ങാടിയിലെ മുജീബും കുടുംബവും. ഹാളിൻറെ ചുമരിൽ കൂടുവെച്ച് മുട്ടയിട്ട് അടയിരുന്നു. 25 ദിവസം, മുട്ട വിരിഞ്ഞ് പുറത്തുവന്നത് രണ്ട് കുഞ്ഞുങ്ങളാണ്.
അങ്ങനെ, തന്റെ സ്വപ്ന ഭവനത്തിൽ കൂടുവെച്ച കുരുവിയമ്മക്കായി പാലുകാച്ചൽ ചടങ്ങ് മാറ്റിവച്ചു മുജീബ്. തൃത്താല പടിഞ്ഞാറങ്ങാടിയിൽ നിന്നുമാണ് നന്മനിറഞ്ഞ ഈയൊരു വിശേഷം എത്തുന്നത്. തൃത്താല പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയിലെ കുന്നത്ത് പറമ്പിൽ മുജീബിൻ്റെ വീട്ടിനകത്താണ് കുരുവി പക്ഷി കൂടൊരുക്കിയത്. നിർമ്മാണം പൂർത്തിയാക്കി പാലുകാച്ചൽ തിയതിയും നിശ്ചയിച്ച വീട്ടിലാണ് അന്തസായി കുരുവിയമ്മ കൂടുവച്ച് താമസം ആരംഭിച്ചത്.
രണ്ടാം നിലയിലെ ഹാളിൻ്റെ ചുമരിൽ കൂടൊരുക്കുക മാത്രമല്ല രണ്ട് മുട്ടകളുമിട്ട് അടയിരിക്കാനും തുടങ്ങി. ഇതോടെ വീടിന്റെ രണ്ടാം നിലയിലെ മിനുക്ക് ജോലികളെല്ലാം നിർത്തിവെക്കാൻ മുജീബ് ജോലിക്കാർക്ക് നിർദ്ദേശം നൽകി. വിരുന്നെത്തിയ അഥിതിക്ക് യാതൊരു ശല്യവുമുണ്ടാവാതിരിക്കാൻ നിശ്ചയിച്ച പാലുകാച്ചൽ തിയതിയിലും മുജീബ് മാറ്റം വരുത്തി. 25 ദിവസം മുൻപ് കൂടുവച്ച കുരുവിയമ്മയുടെ കൂട്ടിലെ രണ്ട് മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങളും പുറത്ത് വന്നു.
മുജീബിനും ഭാര്യയും നാല് മക്കളുമാണിപ്പോൾ ഇവരുടെ സംരക്ഷകൾ. കുരിവിക്കുഞ്ഞുങ്ങൾ പറക്കാറായ ശേഷം മാത്രമേ ഇനി കയറി താമസ ചടങ്ങ് നടത്തുകയുള്ളുവെന്ന നിലപാടിലാണ് മുജീബും കുടുംബവും. മനുഷ്യ സ്നേഹത്തിൻ്റെയും സഹജീവികളോടുള്ള കരുണ വറ്റാത്ത കരുതലിൻ്റേയും നേർസാക്ഷ്യമാവുകയാണ് മുജീബ്. പന്താവൂരിൽ മീൻ കച്ചവടം നടത്തി ഉപജീവനം നടത്തിവരികയാണ് മുജീബ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam