
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് തെന്നാരി ഗ്രാമത്തിൽ അനധികൃത മദ്യവിൽപന വ്യാപകമെന്ന് പരാതി. അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ തെന്നാരിയിലെ മദ്യവിൽപ്പനയ്ക്കെതിരെ അമ്മമാരുടെ കൂട്ടായ്മ രംഗത്തെത്തി. മിനി മാഹിയെന്നാണ് തെന്നാരി ഗ്രാമം സമീപ പ്രദേശങ്ങളിൽ അറിയപ്പെടുന്നത്. ഇവിടെ ഏത് സമയത്തും ആർക്കും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും ലഭിക്കും. ഇതാണ് മിനി മാഹിയെന്ന് അറിയപ്പെടാൻ കാരണം.
തെന്നാരിയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി വിൽപന. രാത്രിയും പകലും ഭേദമില്ലാതെ ഇവിടെ ആവശ്യക്കാർ എത്തുന്നുണ്ട്. മദ്യം തേടി രാത്രിയെത്തുന്നവർ പലരും വീട് മാറി കയറുന്ന സാഹചര്യവും ഉണ്ട്. നാട്ടുകാർ എക്സൈസിൽ പരാതി നൽകി. എന്നാൽ ഇതുവരെ എക്സൈസുകാർക്ക് ഇതുവരെ പിടക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘം ഓഫീസിൽ നിന്ന് പുറപ്പെട്ടാൽ തെന്നാരിയിൽ വിവരം എത്തുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.
വളർന്നു വരുന്ന കുട്ടികൾ ലഹരിക്ക് അടിമയാകുമെന്ന ഭീതിയാണ് നാട്ടുകാർക്ക്. മദ്യം വിൽക്കുന്നവരെയും വാങ്ങാനെത്തുന്നവരെയും നേരിടാൻ നാട്ടിലെ അമ്മമാരുടെ യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ പോരാടാൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.