
മലപ്പുറം: മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂർ - ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടനെ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
തിരൂരിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ചമ്രവട്ടം റോഡിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ അശോകൻ, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുൽ മനാഫ്, കെ പ്രവീൺ, സുജിത്ത് സുരേന്ദ്രൻ, കെ ടി നൗഫൽ, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാർ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടിൽ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡൽ കാറാണ് കത്തിനശിച്ചത്.
അതേസമയം കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റ വാഹന ഉടമ മരിച്ചു. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വീടിന് സമീപത്ത് വെച്ചാണ് സാബുവിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.
വാഹനങ്ങളുടെ സ്ഥിരം മെയിന്‍റനന്‍സ് ചെയ്യാത്തതാണ് കാറുകള്‍ തീപിടിക്കുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓയില്‍ ലെവല്‍, കൂളെന്‍റ് ലെവല്‍, ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാറിനകത്ത് കൂടുതലായി നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന ഗുണമേന്മയില്ലാത്ത ക്യാമറകൾ ഉൾപ്പെടെ പ്രശ്നമാണ്. ഇന്ധന ചോര്‍ച്ചയും വാഹനങ്ങള്‍ കത്തുന്നതിന് കാരണമാകുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam