
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് മഞ്ചേരി പൊലീസ് മഞ്ചേരി സിജെഎം കോടതിയിൽ അപേക്ഷ നൽകുന്നത്. കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നതാണ് പൊലീസിന്റെ ആവശ്യം.
അതേസമയം, മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഇപ്പോഴും ഒളിവിലാണ്. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൊപ്പി മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും മഞ്ചേരിയിലെ കേസിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊപ്പിയുടെ കൂട്ടാളികളായിരുന്ന മമ്മു, ജാസി, ഷമീം തുടങ്ങിയവരാണ് മഞ്ചേരിയിലെ കേസിലെ മറ്റുപ്രതികൾ.
മലപ്പുറത്തെ യുവഗായകന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കെതിരേ ലൈവ് സ്ട്രീമിങ്ങിലൂടെ അശ്ലീലപരാമർശങ്ങൾ നടത്തിയതിനാണ് മഞ്ചേരി പൊലീസ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊപ്പിയും മമ്മുവും ഉൾപ്പെടെയുള്ളവർ എംആർഇസഡ് ഗ്യാങ് എന്ന പേരിൽ നേരത്തേ ഒരുമിച്ചായിരുന്നു ലൈവ് സ്ട്രീമിങ്ങും വ്ലോഗുകളും ചെയ്തിരുന്നത്. എന്നാൽ, പിന്നീട് മറ്റുള്ളവർ തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞു. തുടർന്ന് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങളുമായി ലൈവ് സ്ട്രീമിങ്ങുമായി രംഗത്തെത്തി. ഈ സ്ട്രീമിങ്ങിനിടെയാണ് മലപ്പുറത്തെ യുവതിയെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയത്. ഈ വീഡിയോ പിന്നീട് യൂട്യൂബിൽനിന്ന് നീക്കംചെയ്തിരുന്നു. കഴിഞ്ഞദിവസം തൊപ്പിയുടെ ചാനലും യൂട്യൂബ് നീക്കംചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam