
ചേർത്തല: വെള്ളിയാകുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കി. ചേർത്തല നഗരസഭ 19-ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാറിന്റെ മകൻ മഹാദേവ് (14) ആണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അപകടത്തിൽപെട്ട് മരിച്ചത്. എന്നാൽ, അപകടങ്ങൾ ആവർത്തിച്ചിട്ടും വെള്ളിയാകുളത്തിന്റെ കിഴക്കേ കരയിലും മധ്യഭാഗത്തുമുള്ള പ്രധാന കടവുകളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
മൂന്ന് വർഷം മുമ്പാണ് കേന്ദ്ര സർക്കാരിൻ്റെ തണ്ണീർത്തട നവീകരണ പദ്ധതി പ്രകാരം തണ്ണീർമുക്കം പഞ്ചായത്തിലെ ജലാശയങ്ങൾ ശുചീകരിച്ചത്. പദ്ധതിയുടെ ഭാഗമായി വെള്ളിയാകുളവും നവീകരിച്ച് ചുറ്റും കല്ലുകെട്ടി, കുളത്തിലെ മണ്ണ് നീക്കി ആഴം വര്‍ധിപ്പിച്ചിരുന്നു. എന്നാൽ, കരിങ്കല്ല് കെട്ടാൻ ഉപയോഗിച്ച ശേഷം മിച്ചം വന്ന വലിയ കല്ലുകൾ കരാറുകാർ കുളത്തിനുള്ളിൽ തന്നെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വെള്ളത്തിനടിയിൽ കിടക്കുന്ന ഈ കല്ലുകൾ കാണാൻ കഴിയാത്തതിനാൽ കുളിക്കാനിറങ്ങുന്നവരുടെ കാലിനും മറ്റും പരിക്കേൽക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വർഷം മുമ്പും ഒരു വിദ്യാർത്ഥി ഈ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ഇതേ തുടർന്ന് കുളത്തിന്റെ പടിഞ്ഞാറേ കരയിൽ മാത്രം സൂചനാ ബോർഡ് സ്ഥാപിച്ചെങ്കിലും മറ്റ് കടവുകളിൽ ബോർഡുകളില്ലാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും പ്രദേശവാസികളുടെ കർശനമായ മുന്നറിയിപ്പുകൾ അവഗണിക്കുന്നതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നുണ്ട്.
കുളത്തിൽ അവശേഷിക്കുന്ന കരിങ്കല്ലുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മുഴുവൻ കടവുകളിലും അപകട സൂചനാ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam