എംടിയുടെ നാലുകെട്ട് ഇനി അറബിയിലും വായിക്കാം

Published : Dec 18, 2018, 01:38 PM IST
എംടിയുടെ നാലുകെട്ട് ഇനി അറബിയിലും വായിക്കാം

Synopsis

എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് അറബി ഭാഷയിലേക്ക്. വിവർത്തനം ചെയ്ത അറബി ഭാഷയിലെ നാലുക്കെട്ട് ഉടൻ പുറത്തിറങ്ങും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അൽ മദാരിക് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്. 

കോഴിക്കോട് : എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ട് അറബി ഭാഷയിലേക്ക്. വിവർത്തനം ചെയ്ത അറബി ഭാഷയിലെ നാലുക്കെട്ട് ഉടൻ പുറത്തിറങ്ങും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അൽ മദാരിക് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേർന്നാണ് പരിഭാഷ നിർവഹിച്ചത്. 

മലയാള നോവലുകളിൽ ഒരു കാലത്ത് പുതിയ ഭാവുകത്വവുമായി ഇറങ്ങിയ നോവലാണ് എംടിയുടെ നാലുകെട്ട് ഏറെ ചർച്ചചെയ്യപ്പെടുകയും പഠനങ്ങൾ നടക്കുകയും ചെയ്ത നോവലാണിത്. എം.ടിയുടെ ആത്മാംശം ഉൾക്കൊള്ളുന്ന നോവലായാണ് നാലുകെട്ട് പരിഗണിക്കപ്പെടുന്നത്. നായർ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തിൽ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടൽ മനോഹരമായി ഇതിൽ ചിത്രീകരിക്കപ്പെടുന്നു. 

ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട അപ്പുണ്ണി, അമ്മയോട് പിണങ്ങി, അമ്മയെ പുറത്താക്കിയ അതേ നാലുകെട്ടിൽ അമ്മാവന്‍റെ ഇഷ്ടക്കേട് വകവയ്ക്കാതെ താമസിക്കുന്നു. പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ വയനാട്ടിലേക്ക് ജോലി തേടി പോകുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി തന്നെ പുച്ഛിച്ചു തള്ളിയ നാലുകെട്ട് വിലയ്ക്ക് വാങ്ങുകയും അമ്മയെ സ്വീകരിക്കുകയും ചെയ്യുന്നു. ഇതാണ് നാലുകെട്ടിന്‍റെ ഇതിവൃത്തം. 

ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്ന അപ്പുണ്ണിയുടെ സംഘർഷ ബഹുലമായ യാത്രയാണ് നാലുകെട്ട്. ഫ്യൂഡൽ വ്യവസ്ഥിതിയിൽ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും നിശബ്ദ സഹനത്തിന്‍റെയും സാക്ഷ്യപത്രങ്ങളായ സ്ത്രീ കഥാപാത്രങ്ങളുണ്ട് നാലുകെട്ടിൽ. ഇതിനകം പതിന്നാല് ഭാഷകളിലേക്ക് നാലുകെട്ട് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാവായ എംടിയുടെ ഈ നോവലിന്‍റെ അഞ്ച് ലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റുപോയി. 

എംടിയുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ ഭാഷാന്തരം നടത്തുക എന്ന ശ്രമകരമായ ദൗത്യം പരിഭാഷകർ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. ഗീതാകൃഷ്ണൻ കുട്ടിയുടെ ഇംഗ്ലീഷ് പരിഭാഷ നിലവിലുണ്ടെങ്കിലും അടിസ്ഥാന കൃതിയെത്തന്നെ ആശ്രയിച്ചാണ് ഇരുവരും പരിഭാഷ നിർവ്വഹിച്ചത്. മലയാളി മാത്രമറിയുന്ന ശീലങ്ങൾക്കും ആചാരങ്ങൾക്കും ചുരുങ്ങിയ വാക്കുകളിൽ അടിക്കുറിപ്പുകൾ തയ്യാറാക്കിയത് അറബി വായനക്കാർക്ക് ഏറെ സഹായകരമാണ്. ആഖ്യാന ശൈലി കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ നാലുകെട്ട് അറബ് ലോകത്തും വായനക്കാരെ ആകർഷിക്കുമെന്ന് വിവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

ഒരു വർഷത്തിലേറെ നീണ്ട ഉദ്യമത്തിന് ശേഷമാണ് ഇരുവരും ദൗത്യം പൂർത്തികരിച്ചത്. വളാഞ്ചേരി മർക്കസിൽ നിന്നാണ് ഇരുവരും വാഫി ബിരുദാനന്തര ബിരുദം നേടിയത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‍മെന്‍റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യുഎഇയുടെ ഔദ്യോഗിക ഖുത്വുബ ഓഡിയോ പരിഭാഷ ഇതിനകം ശ്രദ്ധ നേടിയതാണ്. ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ പിജി പൂർത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂർ ജുമാ മസ്ജിദിലെ ഇമാമാണ്. തകഴിയുടെ ചെമ്മീനും ബെന്യാമിന്‍റെ ആടുജീവിതത്തിനും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ