
മലപ്പുറം: വേങ്ങര പൂച്ചോലമാട് എന്ന സ്ഥലത്ത് എൻ. മുഹമ്മദാലി എന്നയാളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മ കുഴിച്ചത് നാല് വലിയ പൊതുകിണറുകൾ. പ്രദേശത്തെ നൂറ്റി അറുപതോളം കുടുംബങ്ങൾക്കാണ് സൗജന്യമായി ദിവസവും ഇതു വഴി വെള്ളം ലഭിക്കുന്നത്. അഞ്ചാമത്തെ കിണറിന്റെ പണിപ്പുരയിലാണ് മുഹമ്മദാലിയും സംഘവും.
പൂച്ചോലമേട് ചേരൂർപ്പാടം എന്ന സ്ഥലത്താണ് ഈ കിണർ നിർമ്മാണ ജോലി പുരോഗമിക്കുന്നത്. വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഈ അധ്വാനം. നാൽപതോളെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. കിണർ കുഴിക്കാനുള്ള സ്ഥലം ഒരാൾ സ്പോൺസർ ചെയ്തതാണ്. മുഹമ്മദലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദീർഘകാലം പ്രവാസിയായിരുന്ന മുഹമ്മദാലിയുടെ ലക്ഷ്യം കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരമാണ്. നാട്ടുകാരും ഇതിനൊപ്പം ചേർന്നപ്പോൾ ഒരു കാലത്തും വറ്റാത്ത നാല് വലിയ കിണറുകളായി. നിർമ്മാണത്തിനും പൈപ്പുകൾക്കുമുള്ള തുക ഉപഭോക്താക്കൾ നൽകണം. പിന്നീട് ചെലവൊന്നുമില്ല.
ആദ്യത്തെ കിണറ്റിൽ നിന്ന് എല്ലാ ദവസവും 1000 ലിറ്റർ വീതം വെള്ളം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. സോളാർ സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ട് വെള്ളം ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിരവധി പേരുടെ സ്ഥലങ്ങളിലൂടെയാണ് പൈപ്പ് കടന്നു പോകുന്നത്.