
ഹരിപ്പാട്: കളിക്കൂട്ടുകാരുടെ വേര്‍പാട് നാടിന് നൊമ്പരമായി. ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരെ മരണത്തിനും വേര്‍പിരിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി കളമശ്ശേരിയില്‍ ബൈക്കപടത്തില്‍ മരിച്ച മുഹ്‌സിനും ലാല്‍ കൃഷ്ണയും ബാല്യകാലം മുതലേ ഉറ്റചങ്ങാതികളായിരുന്നു.
ഒരു വിളിപ്പാട് അകലെയാണ് ഇരുവരുടെയും വീട്. അതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം തൊട്ട് ഇവര്‍ ഒരുമിച്ചായിരുന്നു. ബംഗ്ലൂരുവില്‍ ബി ടെക്കിന് ചേര്‍ന്നതും ഒരുമിച്ച്. അസുഖ ബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനുശേഷം ബംഗ്ലൂരുവില്‍ നിന്ന് പഠനം ഉപേക്ഷിച്ച് ലാല്‍ കൃഷ്ണ മടങ്ങി. പിന്നീട് വെബ് ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇയാള്‍ എറണാകുളത്ത് വെബ്ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു.
എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ മുഹ്‌സിനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലായിരുന്നു ജോലി. വിട്ടുപിരിയാത്ത സൗഹൃദമായതിനാല്‍ കൊച്ചിയിലും ഒന്നാച്ചായിരുന്നു താമസം. ഇതിനിടെ ലാല്‍ കൃഷ്ണ 'ദ്വിമുഖി' എന്ന ഹ്രസ്വ ചിത്രം നിര്‍മിച്ചു. രചനയും സംവിധാനവും ലാല്‍കൃഷ്ണ തന്നെയാണ് നിര്‍വഹിച്ചത്. ഇതിലെ ഒരു പ്രധാന വേഷം ചെയ്തത് മുഹ്‌സിനായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കളമശ്ശേരിയില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. നാടിന് പ്രതീക്ഷയായിരുന്ന യുവാക്കളുടെ മരണം ആര്‍ക്കും ഉള്‍ക്കൊളളാനായിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ വന്ദികപ്പളളി ജുമാമസ്ജിദില്‍ മുഹ്‌സിന്റെ മൃതദേഹം കബറടക്കി. പിന്നാലെ തൊട്ടടുത്ത വീട്ടുമുറ്റത്തെ ലാല്‍ കൃഷ്ണയുടെ ചിതക്കും തീ കൊളുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam