
ഇടുക്കി: ദുരന്തമുഖങ്ങളില്‍ നിഷ്‌ക്രിയമായ നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പെട്ടിമുടിയിലെ ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗത്തില്‍ സാധ്യമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് ദുരിതാശ്വാസ തുക പത്തുലക്ഷം ആക്കി നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളി ലയങ്ങള്‍ക്ക് പകരം രണ്ടു ബെഡ്‌റൂമോട് കൂടിയ പാര്‍പ്പിട സൗകര്യം യാഥാര്‍ത്ഥ്യമാക്കുക, തോട്ടം തൊഴിലാളികള്‍ക്ക് സ്ഥലവും വീടും നല്‍കുക, തോട്ടം തൊഴിലാളികള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ നടത്തിയ സത്യാഗഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഉദ്ഘാടനം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കേരളത്തില്‍ പ്രളയത്തിന്റെ ഘോഷയാത്രയായിരുന്നുവെന്നും കേരളത്തിലെ ജനങ്ങള്‍ ഇതല്ല ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥി ആയിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ്.കെ.പൗലോസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി, എ.ഐ.സി.സി അംഗം ഇ.എം.അഗസ്തി, മുന്‍ എം.എല്‍.എ ഏ.കെ.മണി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam