സൂക്ഷിക്കുക!; മാലിന്യം തള്ളുന്നവര്‍ക്ക് പിന്നാലെ നഗരസഭയുടെ കാമറയുണ്ട്, ഭീമമായ പിഴയടക്കേണ്ടി വരും

Published : May 01, 2022, 03:28 PM IST
സൂക്ഷിക്കുക!; മാലിന്യം തള്ളുന്നവര്‍ക്ക് പിന്നാലെ നഗരസഭയുടെ കാമറയുണ്ട്, ഭീമമായ പിഴയടക്കേണ്ടി വരും

Synopsis

രാത്രിയിലും പകല്‍സമയങ്ങളില്‍ ആളൊഴിഞ്ഞയിടങ്ങളിലും മാലന്യം തള്ളുന്നവരെ പിടിക്കും ഒടുവില്‍ ക്യാമറയുമായി നഗരസഭ.

കല്‍പ്പറ്റ: രാത്രിയിലും പകല്‍സമയങ്ങളില്‍ ആളൊഴിഞ്ഞയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടിക്കും ഒടുവില്‍ ക്യാമറയുമായി നഗരസഭ. നിരന്തര ലഭിച്ച പരാതികളെ തുടര്‍ന്നാണ് പരാതി ലഭിക്കുന്നയിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്യാമറകള്‍ നഗരസഭ വാങ്ങിയത്. വിവിധയിടങ്ങളില്‍ സ്ഥാപിച്ചതോടെ ഒരാഴ്ചക്കിടെ അഞ്ചുപേരാണ് ഇതുവരെ പിടിയിലായത്. 

ഇവരെ കനത്ത പിഴ ചുമത്തി താക്കീതും നല്‍കിയാണ് വിട്ടത്. നാലു പോര്‍ട്ടബിള്‍ ക്യാമറകളാണ് നരഗസഭ മാലിന്യ തള്ളുന്നവരെ കണ്ടെത്തുന്നതിനായി വാങ്ങിയിരിക്കുന്നത്. അമ്പിലേരിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് മാലിന്യം തള്ളാനെത്തിയ ആള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. പകല്‍ മാലിന്യംതള്ളിയ ആളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിട്ടും പതിവായി മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്ഥലങ്ങളും പരാതികള്‍ കിട്ടിയ സ്ഥലങ്ങളിലുമാണ് ആദ്യം ക്യാമറകള്‍ സ്ഥാപിച്ചത്. 

പരാതി കിട്ടുന്ന മുറക്ക് ഏത് സ്ഥലങ്ങളിലേക്കും ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നതിനാല്‍ വരുംദിവസങ്ങളിലും നിരവധി പേര്‍ കുടുങ്ങുമെന്നാണ് കരുതുന്നത്. ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ ആണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ പതിയുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ നഗരസഭാ അധികൃതരിലേക്ക് എത്തും. ദൃശ്യം പരിശോധിച്ച് നഗരസഭാ ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിക്കുന്നത്. 

മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് നിലവില്‍ പിഴ ഈടാക്കുന്നത്. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുള്ളതായി നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് എഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ നഗരസഭ പരിധിയില്‍ പാര്‍ക്ക് ചെയ്ത് മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജു പറഞ്ഞു.

ഇതിന്റെ ഭാഗമായി വെള്ളാരംകുന്ന്, ബൈപ്പാസ് എന്നിവിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം തന്നെ നിയമംലഘിക്കുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്