
മൂന്നാര്‍: മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍. പ്രശ്നങ്ങള്‍ പഠിച്ച നടപടിയെടുക്കാന്‍ ഒക്ടോബര്‍ 3 ന് പ്രത്യേക സംഘം കോളേജിലെത്തുമെന്ന് പ്രിന്‍സിപ്പാള്‍ എം ജയരാജ് വ്യക്തമാക്കി. സിസികെയുടെ ഡയറക്ടര്‍, കൊളീജീയം ഡയറക്ടര്‍, മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നാര്‍ ഗവണ്‍മെന്‍റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെട്ടിടം അനുവദിക്കണമെന്ന ആവശ്യവുമായി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
2018 ഓഗസ്റ്റിലുണ്ടായ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുവര്‍ഷം മുമ്പാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നത്. ഇതോടെ ആറുമാസത്തേക്ക് ഗവണ്‍മെന്‍റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനിയറിംഗ് കോളേജ് കെട്ടിടത്തിലെ ലാബ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ പഠന സൗകര്യമൊരുക്കുകയായിരുന്നു. ഇതോടെ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ മറ്റ് കോളേജുകളെയാണ് ലാബ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇത് സമയ നഷ്ടത്തോടൊപ്പം ധനനഷ്ടവും ഉണ്ടാക്കുന്നുവെന്നാണ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പരാതി
മൂന്നുമുറികളാണ് മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജ് കെട്ടിടത്തില്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ആറുമാസകാലത്തേക്ക് നിബന്ധനകള്‍ പ്രകാരം നല്‍കിയ മുറികള്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും വിട്ടുനല്‍കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്നുപഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോ അധ്യാപകര്‍ക്ക് ഒഴിവുസമയങ്ങള്‍ ചെലവിടാന്‍ മുറികളോ ഇവിടെയില്ല. സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മന്ത്രിയുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു.
കഴിഞ്ഞ പ്രളയം കോളേജ് കെട്ടിടമെടുത്തു; പശുത്തൊഴുത്തില്‍ പഠനം തുടരേണ്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍
ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവ. കോളേജ് വിദ്യാര്‍ത്ഥികളെ കോളേജ് കവാടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ തടഞ്ഞിരുന്നു. ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണസ്ഥിതിയിലാകുന്നതിന് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെട്ടിടം ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam