Munnar : മൂന്നാറിന്‍റെ കാഴ്ചകള്‍ ഒപ്പാന്‍ ഇനി കുട്ടിയപിള്ളയില്ല

By Web TeamFirst Published Dec 7, 2021, 3:42 PM IST
Highlights

മൂന്നാറിനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും തമിഴ്‌നാട്ടിലടക്കം ജനങ്ങളില്‍ എത്തിക്കാനായിരുന്നു ഏറെ ശ്രമിച്ചത്. 


മൂന്നാര്‍: മൂന്നാറിന്‍റെ സൗന്തര്യം ഒപ്പിയെടുക്കാന്‍ കുട്ടിയാപിള്ള ഇനിയില്ല. മൂന്നാറിലെ സാംസ്‌കാരിക കൂട്ടായ്മയുടെ ആസ്ഥാനമായ ഉര്‍വ്വശി സ്റ്റുഡിയോയില്‍ ഇനി മുതല്‍ ചിരിയുടെ ആ ചിത്രകാരന്‍റെ അസാന്നിധ്യം മാത്രം. പത്രപ്രവര്‍ത്തനം മുതല്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം വരെ നീളുന്ന ഏറ്റവും സജ്ജീവമായ മൂന്നാറിലെ പൊതുപ്രവര്‍ത്തകന്‍ സി കുട്ടിയാപിള്ള( 65) എന്ന ഫോട്ടോഗ്രാഫര്‍ വിടവാങ്ങിയതോടെ ഒരു നാട് മുഴുവന്‍ കണ്ണീരിലായി. ഒരു തവണ കണ്ടാല്‍ ഒരിക്കലും മറക്കാത്ത വ്യക്തിത്വമായിരുന്നു മൂന്നാറിലെ ഫോട്ടോഗ്രാഫറായ കുട്ടിയാപിള്ള. സ്‌നേഹപൂര്‍വ്വമായ ഇടപെടല്‍ കൊണ്ട് വലിയ സൗഹൃദ വലയം സൃഷ്ടിച്ചിരുന്ന കൂട്ടുകാരുടെ 'കുട്ടി' തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ബാംഗ്ലൂരില്‍ വച്ചാണ് മരിച്ചത്. തയ്യാറാക്കിയത് ജാന്‍സന്‍ ക്ലെമന്‍റ്. 

പള്ളിവാസലില്‍ ജനിച്ച ഇദ്ദേഹം മൂന്നാറിനെ പുറം ലോകത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. തമിഴ് പത്രമായ 'ദിനമലരിന്‍റെ' മൂന്നാര്‍ ലേഖകനും ഫോട്ടോ ഗ്രാഫറുമായാണ് പൊതുരംഗത്ത് എത്തിയത്. മൂന്നാറിനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും തമിഴ്‌നാട്ടിലടക്കം ജനങ്ങളില്‍ എത്തിക്കാനായിരുന്നു ഏറെ ശ്രമിച്ചത്. കുട്ടിയാപിള്ള പകര്‍ത്തിയ മൂന്നാര്‍ ചിത്രങ്ങള്‍ ഇന്‍ഡ്യയിലും പുറത്തും ആളുകള്‍ സൂക്ഷിക്കുന്നുണ്ട്. ഇടുക്കി ഡിറ്റിപിസി 1993-ല്‍ നടത്തിയ ടൂറിസം ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് കുട്ടിയുടെ ചിത്രമായിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിത ആദ്യമായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബോഡിനായ്ക്കന്നൂരിലെ തെരഞ്ഞെടുപ്പില്‍ ചിത്രമെടുത്തതും ഇദ്ദേഹമായിരുന്നു. 

 

കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്നപ്പോഴും എല്ലാ പാര്‍ട്ടിക്കാരുടേയും പ്രിയപ്പെട്ടവനായി ഇദ്ദേഹം മാറി. ഒരു തവണ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുകയും ചെയ്തു. കുട്ടിയാപിള്ളയുടെ വേര്‍പാട് വേദനാജനകമെന്ന് മുന്‍ എംഎല്‍എ എ കെ മണി പറഞ്ഞു. വലിയ രണ്ട് വാഹനാപകടങ്ങളില്‍ മരണമുഖത്ത് നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് കുട്ടി. പിന്നീട് ഒരു വൃക്ക പ്രവര്‍ത്തനം നിര്‍ത്തിയതോടെ അത് മാറ്റിവെച്ചു. ഇത്രയേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പൊതുരംഗത്ത് നിന്നും മാറാതെ നില്‍ക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം ഭാര്യയുടെ ചികില്‍സാര്‍ത്ഥം ബംഗളൂരുവിന് പോയ കുട്ടിയാപിള്ളയ്ക്ക് കോവിഡ് ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ബംഗളൂരുവിലുള്ള മകളായ യോഹിണിയുടെ കൂടെയായിരുന്നു താമസം. അമേരിക്കയിലുള്ള മകള്‍ മൃണാളിനി എത്തിയ ശേഷം സംസ്‌കാരം പിന്നീട് ബംഗളൂരുവില്‍ നടക്കും. വേലമ്മാള്‍ ആണ് ഭാര്യ.മരുമക്കള്‍, ഭരത് (ബഗ്‌ളുരു), ഡേവിഡ് (അമേരിക്ക). 
 

click me!