
ഇടുക്കി: അവഗണനകള്‍ക്ക് നടുവില്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെയായപ്പോള്‍ കയ്യേറ്റക്കാരിയാകേണ്ടിവന്ന ട്രാന്‍സ്‌ജെന്‍റര്‍ യുവതി റീനയ്ക്ക് കൈത്താങ്ങായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. സ്വന്തമായൊരു വീടും പഞ്ചായത്തില്‍ ജോലിയും നല്‍കി റീനയ്ക്ക് ഒപ്പം നില്‍ക്കുകയാണ് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും.
ലോക്ക് ഡൗണ്‍ കാലത്ത് ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടിയ ട്രാന്‍സ്‌ജെന്‍റര്‍ യുവതിയെ വാടകവീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് യുവതി റവന്യൂ ഭൂമിയില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു. എന്നാല്‍ കയ്യേറ്റക്കാരിയായി ചിത്രീകരിച്ച് റവന്യൂവകുപ്പ് ഇവരെ ഒഴിപ്പിച്ചു. ഇതോടെ റീനയുടെ ദുരിത ജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ശീതള്‍ ശ്യാം അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിനുതന്നെ മാതൃകാപരമായ തീരുമാനമെടുത്തത്.
റീനയ്ക്ക് സ്വന്തമായി ജീവിക്കാന്‍ പഞ്ചായത്തില്‍ ശുചീകരണ തൊഴിലാളിയായി ജോലി നല്‍കി. ഒപ്പം വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ താമസിക്കുന്ന വീടിന്റെ വാടക പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമിയും സെക്രട്ടറി അജിത്ത് കുമാറും പറഞ്ഞു. റീനയുടെ വാര്‍ത്ത പുറത്തുവന്നതിനുശേഷം റീനയെ കോട്ടയത്തുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചെങ്കിലും ജന്മ നാടുവിട്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
സ്വന്തം നാട്ടില്‍ അദ്ധ്വാനിച്ച് ജീവിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് റീനയും. റീനയെ പോലുള്ളവരെ അകറ്റി നിര്‍ത്തുകയല്ല, മറിച്ച് ചേര്‍ത്തുപിടിച്ച് സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന സന്ദേശം കൂടിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കേരളത്തിന് പകര്‍ന്നുനല്‍കുന്നത്. റീനയുടെ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam