മൂന്നാര്‍ നടയാര്‍ സ്വദേശി റീനയാണ് അന്തിയുറങ്ങാന്‍ ഇടമില്ലാത്തതിനാല്‍ കയ്യേറ്റക്കാരിയായി മാറേണ്ടിവന്നത്

മൂന്നാര്‍: വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ട്രാന്‍സ്‌ജെന്‍റര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ റവന്യുഭൂമിയില്‍ ഷെഡുകെട്ടി. എന്നാല്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് റവന്യു അധിക്യതര്‍ ഷെഡ് പൊളിച്ചുനീക്കി. മൂന്നാര്‍ നടയാര്‍ സ്വദേശി റീനയാണ് അന്തിയുറങ്ങാന്‍ ഇടമില്ലാത്തതിനാല്‍ കയ്യേറ്റക്കാരിയായി മാറേണ്ടിവന്നത്. 

കയറിക്കിടക്കാന്‍ ഒരുതുണ്ട് ഭൂമി ആവശ്യപ്പെട്ട് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ക്കും റീന പലവട്ടം നേരില്‍ കണ്ട് അപേക്ഷ നല്‍കിയിരുന്നു. മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദാരിനെയും ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ചു. എന്നാല്‍ ആരും കനിവുകാട്ടിയില്ല. എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടതോടെയാണ് മറ്റ് മാര്‍ഗമില്ലാതെ മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് ഗവ. കോളേജിനായി മാറ്റിയിട്ടിരുന്ന ഭൂമിയില്‍ പ്ലാസ്റ്റിക്ക് താളുകള്‍ ഉപയോഗിച്ച് ഷെഡ് നിര്‍മ്മിച്ച് ചൊവ്വാഴ്ച രാത്രി താമസം ആരംഭിച്ചത്. 

കഴിഞ്ഞ ദിവസം ഷെഡ് നിര്‍മ്മിച്ച് റീന താമസം ആരംഭിച്ചെങ്കിലും വാടകവീട് തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് അധിക്യതര്‍ പൊളിച്ചുനീക്കി. ബുധനാഴ്ച രാവിലെ മൂന്നാര്‍ സ്‌പെഷില്‍ തഹസില്‍ദാര്‍ വിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചത്. കയറിക്കിടക്കാന്‍ ഇടം അനുവദിക്കാതെ ഷെഡ് പൊളിച്ചുനീക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു റീനയുടെ വാദം. മൂന്നാര്‍ എസ് ഐ ഷാജി നടത്തിയ അനുരഞ്‌ജന ചര്‍ച്ചക്കൊടുവിലാണ് നിര്‍മ്മാണം പൊളിച്ചുനീക്കിയത്. ഇവര്‍ക്ക് താമസിക്കാന്‍ മൂന്നാര്‍ കോളനിയില്‍ പൊലീസ് ഇടപെട്ട് സൗകര്യമൊരുക്കി. 

മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയുടെ മകളാണ് റീന. ചെറുപ്രായത്തില്‍തന്നെ അച്ഛന്‍ മരിച്ചു. അമ്മയും റീനയെ ഉപേക്ഷിച്ചു. ബന്ധുവിന്റെ സഹായത്തോടെ പത്താം ക്ലാസുവരെ പഠിച്ചു. റീന ഒരു ബാധ്യതയായി മാറിയതോടെ ബന്ധുക്കളും ഉപേക്ഷിച്ചു. എസ്റ്റേറ്റില്‍ ഇരിപ്പിടമില്ലാതെ ആയതോടെയാണ് റീന മൂന്നാറിലെത്തിയത്. സര്‍ക്കാര്‍ കനിവുകാട്ടിയില്ലെങ്കില്‍ ഇവരുടെ ജീവിതം ദുരിതത്തിലാകും.